തിരുവനന്തപുരം:രാഷ്ട്രത്തിനായി ജീവൻ വെടിഞ്ഞ ധീരരക്തസാക്ഷികൾക്ക് ആദരം അർപ്പിച്ച് സായുധ സേനാ പതാക ദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടർ അനു കുമാരി നിർവ്വഹിച്ചു.
രാജ്യത്തിൻ്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ത്യജിച്ച ധീര സൈനികരോടും അവരുടെ കുടുംബത്തിനോടുമുള്ള നന്ദിയും കടപ്പാടും അർപ്പിക്കാനാണ് പതാക ദിനം ആഘോഷിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
വളരെ മികച്ച രീതിയിലാണ് ജില്ലയിൽ കാർ ഫ്ലാഗുകളുടെയും ടോക്കൺ ഫ്ലാഗുകളുടെയും വിൽപനയും പതാകദിന ഫണ്ട് സമാഹരണവും നടന്നുവരുന്നതെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അവർ പറഞ്ഞു.
കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ പതാകദിന ആഘോഷങ്ങളുടെ ഭാഗമായുള്ള ആദ്യ ഫ്ലാഗ് കളക്ടർ ഏറ്റുവാങ്ങി. കഴിഞ്ഞ വർഷത്തെ പതാക ദിനത്തോടനുബന്ധിച്ച് മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്കുള്ള മൊമെൻ്റോ കളക്ടർ വിതരണം ചെയ്തു.
മികച്ച എൻസിസി ബറ്റാലിയനുള്ള പുരസ്കാരം ജനാർദ്ദനപുരം ഹൈസ്കൂളിലെ 1 കേരള എയർ സ്‌ക്വാഡ്രനും വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്കാരം പട്ടം കേന്ദ്രീയ വിദ്യാലയവും മികച്ച സർക്കാർ സ്ഥാപനത്തിനുള്ള പുരസ്കാരം നെയ്യാറ്റിൻകര ഡിഇഒയും ഏറ്റുവാങ്ങി.