നെയ്യാറ്റിൻകര: മാർത്താണ്ഡം മേൽപാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ മരിച്ചു.
നെയ്യാറ്റിൻകര പയറ്റുവിള കൊല്ലകോണം കിഴക്കരിക് വീട്ടിൽ വിജയകുമാർ–റീഷ ദമ്പതികളുടെ മക്കളായ വി.രഞ്ജിത് കുമാർ(24), സഹോദരി രമ്യ(22) എന്നിവരാണു മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 7.30ന്, അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു.
ബൈക്ക് പാലത്തിൽനിന്ന് 30 അടി താഴ്ചയിലേക്കു വീണു. രഞ്ജിത് കുമാർ സംഭവസ്ഥലത്തു മരിച്ചു. രമ്യയെ കുഴിത്തുറ സർക്കാർ ആശുപത്രിയിലും പിന്നീട് ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാർ ഡ്രൈവർക്കും പരുക്കേറ്റു. സ്വകാര്യ ഐടി സ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ് രഞ്ജിത് കുമാർ. രമ്യ പാരാമെഡിക്കൽ റേഡിയോളജി കോഴ്സിൽ ഇന്റേൺഷിപ് ചെയ്യുകയായിരുന്നു
.