തിരുവനന്തപുരം: കഴക്കൂട്ടത്ത് നാല് വയസ്സുകാരൻ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് .
പശ്ചിമ ബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ മകൻ ഗിൽദാറാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ കഴുത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അമ്മ മുന്നി ബീഗത്തെയും ഇവരുടെ സുഹൃത്ത് തൻബീർ ആലത്തിനെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴക്കൂട്ടത്തെ ഒരു ലോഡ്ജിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് കുഞ്ഞിനെ അനക്കമില്ലാത്ത നിലയിൽ മുന്നി ബീഗം ആശുപത്രിയിൽ എത്തിച്ചത്. ഭക്ഷണം കഴിച്ചതിന് ശേഷം കുട്ടി അബോധാവസ്ഥയിലായെന്നാണ് ഇവർ ഡോക്ടർമാരോട് പറഞ്ഞിരുന്നത്.
ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ കുട്ടി മരണപ്പെട്ടിരുന്നു. പരിശോധനയിൽ കുട്ടിയുടെ കഴുത്തിൽ സംശയാസ്പദമായ പാടുകൾ കണ്ടതോടെ ഡോക്ടർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. ഇതോടെയാണ് കേസ് കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചത്.