തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്
വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി ശ്രീലങ്ക ഭാഗത്തു എത്തുന്നതിനു അനുസരിച്ചു വരുംദിവസങ്ങളില്‍ തമിഴ്‌നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. തെക്കന്‍ തമിഴ്‌നാട് മേഖലയിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍, പ്രത്യേകിച്ച് മധ്യ- തെക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.