തിരുവനന്തപുരം:വഴയില – പഴകുറ്റി നാല് വരിപ്പാതയുടെ ആദ്യ റീച്ച് ടാറിങ് പ്രവൃത്തികൾ ആരംഭിച്ചു.
ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ അനിൽ ടാറിങ് പ്രവൃ ത്തികളുടെ പുരോഗതി നേരിട്ട് വിലയിരുത്തി.
വഴയില മുതല്‍ പഴകുറ്റി വരെ 9.5 കിലോ മീറ്ററും പഴകുറ്റി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കച്ചേരി നടവഴി പതിനൊന്നാം കല്ല് വരെയുള്ള 1.74 കിലോമീറ്റർ ഉൾപ്പെടെ 11.24 കിലോമീറ്ററുമാണ് നാലുവരിപ്പാതയാക്കുന്നത്. 21 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിന് 15 മീറ്റർ ടാറിങ്ങും രണ്ട് മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി രണ്ട് മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്പേസും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആദ്യ റീച്ചിൽ വഴയില – കെൽട്രോൺ വരെയുള്ള നാല് കിലോമീറ്റർ ദൂരത്തിൽ 58.70 കോടി വിനിയോഗിച്ച് ഫ്ലൈഓവർ നിർമാണം നടന്നുവരികയാണ്. ആദ്യ റീച്ചിൽ 301 ഭൂവുടമകളിൽ നിന്നാണ് ഭൂമി ഏറ്റെടുത്തത്. ഇവർക്ക് പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമായി 191.72 കോടി രൂപ വിതരണം ചെയ്തു.
രണ്ടാം റീച്ചിൽ കെൽട്രോൺ – വാളിക്കോട് ജംഗ്ഷൻ വരെ 3.960 കിലോമീറ്റർ ദൂരമാണ് നാലുവരിപ്പാതയാക്കുന്നത്. കരകുളം, അരുവിക്കര, നെടുമങ്ങാട് വില്ലേജുകളിൽ നിന്നായി 12 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇവർക്ക് 299 കോടി രൂപ നഷ്ടപരിഹാരം നൽകി.
വാളിക്കോട് ജംഗ്ഷൻ മുതൽ പഴകുറ്റി പമ്പ് ജംഗ്ഷൻ – കച്ചേരി നട – പതിനൊന്നാം കല്ല് വരെയുള്ള മൂന്നാം റീച്ചിനായി നെടുമങ്ങാട്, കരിപ്പൂർ, ആനാട് വില്ലേജുകളിലായി 3.2 കിലോമീറ്റർ ദൂരത്തിൽ 2.7396 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി വിട്ടുനൽകുന്ന 481 പേർക്ക് 396.4 കോടി രൂപയാണ് നഷ്ടപരിഹാരം നൽകുന്നത്.
നെടുമങ്ങാട് നഗരസഭ ചെയർമാൻ ആർ.ജയദേവൻ, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജിത്ത്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽ.എസ് അനുഷ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
