തിരുവനന്തപുരം: ഏറ്റവും കൂടുതൽ പിന്തുണയും സഹായവും നൽകി സമൂഹം ചേർത്തു പിടിക്കേണ്ട വിഭാഗമാണ് ഭിന്നശേഷി കുട്ടികളെന്ന് നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ. പെരുങ്കടവിള പഞ്ചായത്തിൽ പുതുതായി നിർമിച്ച ബഡ്‌സ് സ്കൂൾ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും സവിശേഷ ശ്രദ്ധയും പിന്തുണയും സഹായവും അർഹിക്കുന്നുണ്ട്. അവർക്കത് നൽകണം.
മുൻപ് ഭിന്നശേഷിക്കാരോട് സമൂഹം മോശമായി പെരുമാറിയിരുന്നു. എന്നാൽ ഇന്ന് കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് സമൂഹത്തിൻ്റെ മാനസികതലം മാറിയെന്നും ഇവരെ ചേർത്തുപിടിക്കാൻ സമൂഹം തയ്യാറാണെന്നും സ്പീക്കർ പറഞ്ഞു. അതിന് ഉദാഹരണമാണ് ഇവർക്കായി നിർമിച്ച പുതിയ സ്കൂളും റിഹാബിലിറ്റേഷൻ സെൻ്ററുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബഡ്‌സ് സ്കൂളിലെ കുട്ടികൾ നിർമ്മിക്കുന്ന വസ്തുക്കൾ വാങ്ങിക്കാൻ സമൂഹം മുന്നോട്ടുവരണം. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ ഇവ മാർക്കറ്റ് ചെയ്യാൻ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവിൽ ഭിന്നശേഷി കുട്ടികളുടെ നൈപുണ്യ വികസനത്തിനുഉള സൗകര്യങ്ങളോടുകൂടിയാണ് പുതിയ മന്ദിരം നിർമ്മിച്ചത്.
നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ നിന്നും എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ 66 ഗ്രന്ഥശാലകൾക്കായി സമാഹരിച്ച പുസ്‌തകങ്ങളും വിതരണം ചടങ്ങിൽ നിർവഹിച്ചു.
ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ അനുമോദിച്ചു. സി. കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബി.നിർമല, ജില്ലാ പഞ്ചായത്ത് അംഗം ആനി പ്രസാദ്. ജെ.പി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ മണലുവിള, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം എസ്. ഗോപകുമാർ, ഡോ.ബിജു ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.