തിരുവനന്തപുരം: കമലേശ്വരത്ത് അമ്മ സജിതയും മകൾ ഗ്രീമയും ജീവനൊടുക്കിയ സംഭവത്തിൽ മുംബയ് പൊലീസ് പിടികൂടിയ ഗ്രീമയുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണന്റെ അറസ്റ്റ് പൂന്തുറ പൊലീസ് മുംബയിലെത്തി രേഖപ്പെടുത്തി.
അന്തേരി ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്ന് നാട്ടിലെത്തിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്‌താലെ കേസിന്റെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
വിദേശത്തേയ്‌ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച മുംബയ് വിമാനത്താവളത്തിൽ നിന്ന് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഗാർഹിക പീഡനത്തിനും ആത്മഹത്യ പ്രേരണയ്‌ക്കുമാണ് ഉണ്ണിക്കൃഷ്ണനെതിരെ കേസെടുത്തത്. സജിതയുടെയും ഗ്രീമയുടെയും ആത്മഹത്യാക്കുറിപ്പിൽ ഇയാൾക്കെതിരെ പരാമർശമുണ്ടായിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് കമലേശ്വരം സ്വദേശികളായ എസ്.എൽ.സജിത രാജിനെയും മകൾ ഗ്രീമ എസ്.രാജിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തിയത്.