തിരുവനന്തപുരം: ഓട്ടിസംബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അദ്ധ്യാപകനുമായ സന്തോഷ് കുമാർ (56) നെ 161 വർഷം കഠിനതടവിനും 87000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു.
പിഴ ഒടുക്കിയില്ലെങ്കിൽ എട്ടര വർഷം കൂടുതലായി ശിക്ഷ അനുഭവിക്കണം. വിവിധ വകുപ്പുകളായിട്ട് ആണ് ശിക്ഷ.ഇരുപത് വർഷം അനുഭവിച്ചാൽ മതിയാകും.പിഴത്തുകയ്ക്ക് പുറമെ ലീഗൽ സർവീവ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നൽകണം.
2019 ജൂലൈ മാസം ആണ് കേസിനാസ്പദമായ സംഭവം നടന്നത് .കുട്ടി പഠിച്ചിരുന്ന സ്കൂളിലെ അദ്ധ്യാപകൻ ആയിരുന്നു പ്രതി. കണ്ണൂർ സ്വദേശി ആയ കുട്ടി ഓട്ടിസം സംബന്ധമായ ചികിത്സകൾക്കും മറ്റുമായാണ് തിരുവനന്തപുരത്ത് താമസിച്ചിരുന്നത്.
തിരുവനന്തപുരത്തു തന്നെ ഒരു സ്കൂളിൽ മൂന്നാം ക്ലാസ്സിൽ ആണ് കുട്ടി പഠിച്ചിരുന്നത്. കുട്ടിയുടെ ഡിസബിലിറ്റി മുതലെടുത്താണ് പ്രതി കുട്ടിയോട് ലൈംഗികതിക്രമം നടത്തിയത്. ചികിത്സയിൽ നല്ല മാറ്റം കണ്ടു വന്നിരുന്ന കുട്ടി, പെട്ടെന്ന് നിയന്ത്രണാതീതമായി ബഹളം വെച്ച് തുടങ്ങിയപ്പോൾ കുട്ടിയുടെ അമ്മ ശ്രദ്ധിക്കുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകളും ഉണ്ടായിരുന്നു. അന്വേഷിച്ചപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ള കുട്ടിക്ക് കാര്യങ്ങൾ വ്യക്തമാക്കാൻ സാധിച്ചിരുന്നില്ല. കുട്ടിക്ക് കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും ആയ കാര്യങ്ങൾ ബുക്കിൽ എഴുതിയോ വരച്ചോ വയ്ക്കുന്ന ശീലം ഉണ്ടായിരുന്നു. കുട്ടിക്കുണ്ടായ ഈ അനുഭവവും കുട്ടിയുടെ ബുക്കിൽ ഉണ്ടായിരുന്നു. ഒടുവിൽ കുട്ടിയുടെ സ്‌പീച്ച് തെറാപ്പിസ്റ് വഴി ആണ് കുട്ടി സംഭവങ്ങൾ പുറത്ത് പറയുന്നത്.
അപ്പോഴും കുട്ടി പറയുന്ന കാര്യങ്ങൾ അവ്യക്തമായതിനാൽ CWCയുടെ നിർദ്ദേശപ്രകാരം മെന്റൽ ഹെൽത്ത് സെന്ററിലെ ഡോക്ടർ ഉൾപ്പെടുന്ന ഒരു മൂന്ന് അംഗ പാനൽ രൂപീകരിച്ചാണ് കുട്ടിയുടെ മൊഴി പോലീസ് വീണ്ടും എടുത്തു .
സ്കൂളിലെ ബാത്ത്റൂമിൽ വച്ചാണ് പ്രതി കുട്ടിയെ പല തവണ പീഡിപ്പിച്ചത്. ഓരോ തവണയും കുട്ടി ഇഷ്ടക്കേട് കാണിക്കുമ്പോഴും ബഹളം വയ്ക്കുമ്പോഴും പ്രതി കുട്ടിയുടെ തല പിടിച്ച് ചുമരിൽ ഇടിക്കുകയും അമ്മയെ കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. കുട്ടിക്ക് മിഠായിയും ബിസ്ക്കറ്റും മറ്റുമൊക്കെ നൽകി ആണ് പലതവണ പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ ഹാജരായി. നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിൽ ,ശ്രീകാര്യം ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്,എസ് ഐ ആർ.ബിജു എന്നിവർ ആണ് കേസ് അന്വേക്ഷിച്ചത് .