ആറ്റുകാൽ പൊങ്കാല മഹോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി

IMG_20260207_160833_(1200_x_628_pixel)

തിരുവനന്തപുരം:ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു.

ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഹാളിൽ ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

പൊങ്കാലയോടനുബന്ധിച്ചുള്ള എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനമാണ് ഈ ഘട്ടത്തിൽ വേണ്ടത്. ഉത്സവമേഖലകളായി പ്രഖ്യാപിച്ച എല്ലാ വാർഡുകളിലേയും തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കണമെന്നും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

കഴിഞ്ഞ വർഷത്തെ പൊങ്കാലയിൽ നിന്ന് വ്യത്യസ്തമായി വാച്ച് ടവറുകളും മെഗാ ഫോണുകളും പോലീസ് സജ്ജമാക്കും. അഞ്ച് അഡീഷണൽ വാച്ച് ടവറുകളും എട്ട് സ്ഥലങ്ങളിൽ 13 മെഗാഫോണുകളുമാണ് ഏർപ്പെടുത്തുന്നത്. 76 സിസിടിവി ക്യാമറകൾ അധികമായി ക്രമീകരിക്കും. പൊങ്കാല ദിവസത്തെ തിരക്ക് നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്ഷേത്രത്തിന് ചുറ്റുമുള്ള 14 സ്ഥലങ്ങളിൽ ബാരിക്കേഡുകൾ ക്രമീകരിക്കും.

ഫെബ്രുവരി 23 മുതൽ മാർച്ച് 3 വരെ രാവിലെ 7 മുതൽ 10 വരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീമിന്റെ സേവനം ക്ഷേത്രപരിസരത്ത് ഉണ്ടാകും. പൊങ്കാല ദിവസം ഒരു മെഡിക്കൽ ടീമിനെ കൂടി സജ്ജമാക്കും. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ശിശുരോഗവിദഗ്ധൻ ഉൾപ്പെടെയുള്ളവരുടെ സേവനം ഉറപ്പാക്കും. പൊങ്കാല ദിവസം തീപൊള്ളൽ ഏൽക്കുന്നതിന് സാധ്യതയുള്ളതിനാൽ സമീപത്തുള്ള സർക്കാർ- സ്വകാര്യ ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് നിർദ്ദേശം നൽകിയതായി ഡിഎംഒ അറിയിച്ചു.

ശുചീകരണപ്രവർത്തനങ്ങൾക്കും പൊങ്കാല കഴിഞ്ഞുള്ള ഇഷ്ടിക നീക്കം ചെയ്യുന്നതിനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതായി നഗരസഭ അധികൃതർ അറിയിച്ചു. കൂടുതൽ മൊബൈൽ ടോയ്ലറ്റുകൾ ക്രമീകരിക്കും. ഉത്സവവാർഡുകൾ ഉൾപ്പെടെയുള്ള വാർഡുകളിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൊങ്കാല ഉത്സവത്തിന് മുമ്പ് പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

മാർച്ച് 2,3,4 തീയതികളിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ അഞ്ച് സ്ഥലങ്ങളിൽ വായു ഗുണനിലവാര നിരീക്ഷണം നടത്തും. പൊങ്കാല സമയത്തെ ശബ്ദ നില നിരീക്ഷണത്തിനായി സ്ക്വാഡിനെ ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാല ദിവസം പൊടി പടരുന്നത് തടയുന്നതിന് കോർപ്പറേഷനുമായി യോജിച്ച് വാട്ടർ സ്പ്രേയിംഗ് നടത്തുമെന്നും അധികൃതർ അറിയിച്ചു.

പൊങ്കാലയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി 700 ബസ്സുകളും തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമായി 250 ബസ്സുകളും പ്രത്യേക സർവ്വീസ് നടത്തും. സിറ്റി ഷട്ടിൽ സർവ്വീസിനായി 25 ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ റോഡുകളുടെ ടാറിംഗ് ഫെബ്രുവരി 15ന് മുമ്പ് പൂർത്തിയാക്കും. ഫയർ ആന്റ് റസ്കൂവിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് പൊങ്കാലയോടനുബന്ധിച്ച് നടത്തുന്നത്. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 400 ഉദ്യോഗസ്ഥരെ നിയോഗിക്കും. പൊങ്കാല ദിവസം രണ്ട് ഫയർ എൻജിനുകൾ സജ്ജമാക്കും. ഫയർ ഓഡിറ്റ് നടത്തും.

എക്സൈസിന്റെ നേതൃത്വത്തിൽ വനിതാ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി കൺട്രോൾ റൂം സജ്ജീകരിക്കും. ലഹരി ഉപയോഗം തടയുന്നതിനായി പോലീസുമായി ചേർന്ന് ക്ഷേത്രത്തിന് സമീപത്തെ കടകളിലും പരിസരങ്ങളിലും പരിശോധന നടത്തും.

പൊങ്കാല ദിവസമായ മാർച്ച് 3ന് അവധി പ്രഖ്യാപിക്കും. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ദുരന്ത നിവാര വിഭാഗത്തിന്റെയും നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് കൺട്രോൾ റൂം സജ്ജമാക്കും.

കോർപ്പറേഷൻ മേയർ വി.വി രാജേഷ്, പൊങ്കാല നോഡൽ ഓഫീസർ സബ് കളക്ടർ ആൽഫ്രഡ് ഒ.വി, എഡിഎം വിനീത് ടി.കെ, സിറ്റി പോലീസ് കമ്മീഷണർ കെ.കാർത്തിക്, ഡിസിപി ദീപക് ധൻകർ, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ശോഭ വി, ചെയർമാൻ എസ്.വേണുഗോപാൽ, സെക്രട്ടറി കെ,ശരത് കുമാർ, ജോയിന്റ് ജനറൽ കൺവീനർ വി.എൽ വിനോദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!