തിരുവനന്തപുരം പനങ്ങോട് തുമ്പാനൂർ എ.കെ. ഹൗസിൽ എസ്. വിജയകുമാരിയുടെ (54) അവയവങ്ങൾ കുടുംബം അഞ്ച് പേർക്ക് ദാനം ചെയ്തു.
കഴിഞ്ഞ ഏഴിന് രാവിലെയായിരുന്നു അപകടം. പാലോട് റിസോർട്ടിലെ ജീവനക്കാരിയായിരുന്ന വിജയകുമാരി മകൻ അഭിജിത്തിനൊപ്പം സ്‌കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ പാലോട് വച്ച് തലകറങ്ങി വീഴുകയായിരുന്നു.
ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്ന് ഭർത്താവ് കരുണാകരൻ നായരും മക്കളായ കെ.ജെ.അഭിജിത്തും കെ.ജെ കൃഷ്‌ണേന്ദുവും അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു.
കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിനും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിക്കും നേത്രപടലങ്ങൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജിക്കുമാണ് നൽകിയത്. കെസോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന്റെ ഏകോപനം നടന്നത്.