തിരുവനന്തപുരം:സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവ് എന്ന ചരിത്രം സൃഷ്ടിച്ച കുഞ്ഞ് ആലിൻ ഷെറിന് വിട നൽകി.
നെടുങ്ങാടപ്പള്ളി സിഎസ്ഐ സെന്റ് തോമസ് പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ ആലിനെ സംസ്കരിച്ചു
കാറപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ ഏബ്രഹാം നാലുകുഞ്ഞുങ്ങൾക്ക് പുതുജീവനേകിയാണ് യാത്രയായത്. ഹൃദയവാൽവും കരളും വൃക്കയും കണ്ണുകളുമാണ് ദാനം ചെയ്തത്. മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രി ചാപ്പലിൽ ഇന്ന് രാവിലെ ഏഴോടെ പ്രാർത്ഥനാ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ആശുപത്രിയിലെ പൊതുദർശനത്തിനുശേഷം എട്ടുമണിയോടെ ആലിനെ നെടുങ്ങാടപ്പള്ളിയിലെ വീട്ടിലെത്തിച്ചു.
വീട്ടിനുള്ളിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷമാണ് പൊതുദര്‍ശനം ആരംഭിച്ചത്. വീട്ടിൽ നൂറുകണക്കിനുപേരാണ് ആലിന് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിയത്.ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് നടന്ന കാറപകടത്തെത്തുടർന്നാണ് കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഹൃദയവാൽവും കരളും വൃക്കയും കണ്ണുകളുമാണ് ദാനം ചെയ്തത്.