തിരുവനന്തപുരം:നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദറിനോടാണ് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ, എൻ.കെ.നിരഞ്ജന കൃഷ്ണന്റെയും (37) ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണ് മരിച്ചത്.
ഗർഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും ഇക്കാര്യത്തിൽ വിശദീകരണം പോലും നൽകാതെ ഡോക്ടർ സ്ഥലം വിട്ടുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കൾ പറഞ്ഞു. തിങ്കൾ രാവിലെ 10ന് ആണ് 9-ാം മാസത്തെ സ്കാൻ റിപ്പോർട്ട് കാണിക്കാൻ ഗൈനക്കോളജി വിഭാഗത്തിൽ നിരഞ്ജന കൃഷ്ണനും ഭർത്താവും എത്തിയത്. തുടർന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 4.30ന് ലേബർ റൂമിൽ കയറ്റി. നിരഞ്ജനയ്ക്കൊപ്പം മാതാവ് നിർമലയും ലേബർ റൂമിൽ ഉണ്ടായിരുന്നു. രണ്ടുമണിയോടെ പ്രസവ ശസ്ത്രക്രിയ നടത്തിയെങ്കിലും പുറത്തെടുത്തയുടൻ കുഞ്ഞ് മരിക്കുകയായിരുന്നു.