തിരുവനന്തപുരം : ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ അമ്മയ്ക്കു പൊങ്കാലയർപ്പിക്കുന്നു.
കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസമായ ഇന്ന് രാവിലെ 9.15 ന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങ് നടന്നു.
2.15 ന് ഉച്ചപൂജയ്ക്കു ശേഷമാണു പൊങ്കാല നിവേദ്യം. 350 പൂജാരിമാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും.
10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈവർഷത്തെ പൊങ്കാല ഉത്സവത്തിനു സമാപനമാകുക.