തിരുവനന്തപുരം:വാമനപുരം നിയോജക മണ്ഡലത്തിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നടപ്പിലാക്കുന്ന ആനകിടങ്ങ് പദ്ധതിയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഓൺലൈനായി നിർവ്വഹിച്ചു.
സംസ്ഥാന കൃഷി വകുപ്പും വനം-വന്യജീവി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആർ.കെ.വി.വൈ പദ്ധതിയുടെ ഭാഗമായാണ് കിടങ്ങ് നിർമ്മിക്കുന്നത്.
കർഷകർക്ക് സംരക്ഷണം ഉറപ്പാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് യോഗത്തിൽ മന്ത്രി പറഞ്ഞു.
കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും വന്യജീവി ശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി അരിപ്പ മുതൽ ഇലവുപാലം വരെയുള്ള 9.3 കിലോമീറ്റർ ദൂരത്തിൽ 2.5 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിക്കുന്നത്.
പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ മടത്തറയിൽ നടന്ന ചടങ്ങിൽ ഡി. കെ. മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി രഘുനാഥൻ നായർ, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺകുമാർ പി എൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.