തിരുവനന്തപുരം:വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ആനയറ സ്വദേശിയായ എസ്.കൃഷ്ണലാൽ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകി.
വെൽഡിങ് തൊഴിലാളിയായ കൃഷ്ണലാൽ ഏപ്രിൽ ഒന്നിന് രാത്രി 9ന് സൈക്കിളിൽ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ ഒരുവാതിൽകോട്ട എസ് വളവിൽ കാർ ഇടിച്ചായിരുന്നു അപകടം.
എസ്.കൃഷ്ണലാലിന്റെ (33) ഹൃദയം കോട്ടയം കുമരകം കുന്നത്തുകളത്തിൽ വീട്ടിൽ അരുൺ ഷാജിക്ക്(35) വിജയകരമായി വച്ചുപിടിപ്പിച്ചു.
കൃഷ്ണലാലിന്റെ ഹൃദയം അരുണിനു ചേരുമെന്നു കണ്ടെത്തിയതോടെ ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള സംഘം കൃഷ്ണലാലിനെ ചികിത്സിച്ച തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തി. എയർ ആംബുലൻസ് മാർഗം ഉച്ചകഴിഞ്ഞ് 1.50ന് ഹൃദയവുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. 2.15നു പുറപ്പെട്ട ഹെലികോപ്റ്റർ 2.53ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങി. 3.05ന് ഹൃദയം കോട്ടയം മെഡിക്കൽ കോളജിലേക്ക് ആംബുലൻസ് മാർഗം എത്തിച്ചു. വൈകിട്ട് ഏഴോടെയാണ് ശസ്ത്രക്രിയ കഴിഞ്ഞത്.
ഹൃദയം കൂടാതെ കൃഷ്ണലാലിന്റെ വൃക്കകളും കരളും നേത്രപടലങ്ങളും ദാനം ചെയ്തു. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിലും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും രണ്ടു നേത്ര പടലങ്ങൾ തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്ത്താൽമോളജിയിലും ചികിത്സയിൽ കഴിയുന്നവർക്കാണു നൽകുന്നത്.
