തിരുവനന്തപുരം:ജില്ലയിൽ പ്രത്യേകമായി സജ്ജീകരിച്ച യൂത്ത് പോളിംഗ് ബൂത്തുകളിൽ കന്നി വോട്ടർമാരുടെ സജ്ജീവ പങ്കാളിത്തം.
ജില്ലയിൽ 14 യൂത്ത് ബൂത്തുകളാണ് (ജെൻസി ബൂത്ത്) സജ്ജീകരിച്ചത്. വോട്ടെടുപ്പിൽ യുവജനതയുടെ സജ്ജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് ക്രമീകരണങ്ങൾ ഒരുക്കിയത്.
കവടിയാർ സാൽവേഷൻ ആർമിയിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ ബൂത്തിലെത്തിയ യുവ വോട്ടർമാരുമായി സംവദിച്ചു. ജെൻസി വോട്ടർമാർക്ക് ഹൽവ ബോക്സും ജില്ലാ കളക്ടറുടെ താങ്ക്സ് കാർഡും ലക്കി ഡ്രോ കൂപ്പണും പ്രോത്സാഹന സമ്മാനമായി നൽകി. ജില്ലാ കളക്ടറുടെ സ്വന്തം കൈപ്പടയിലാണ് താങ്ക്സ് കാർഡ് ഒരുക്കിയത്.
കൂപ്പണിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന യുവ വോട്ടർമാർക്ക് ജില്ലാ കളക്ടറുമായി സംസാരിക്കാൻ അവസരം ലഭിക്കും. എന്റെ വോട്ട് എന്റെ അഭിമാനം എന്ന് ഹൽവ ബോക്സുകളിൽ രേഖപ്പെടുത്തിയിരുന്നു. ജെൻസി ബൂത്തുകളിൽ ക്രമീകരിച്ച സെൽഫി പോയിന്റുകളും ശ്രദ്ധേയമായി. തിരഞ്ഞെടുപ്പ് കമ്മീഷൻ, ജില്ലാ ഭരണകൂടം, ജില്ലാ സ്വീപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ജെൻസി ബൂത്തുകളിൾ കന്നിവോട്ടർമാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയത്.
