തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ മൂന്നാം ടെർമിനൽ ഉൾപ്പെടെയുള്ള വൻ വികസനത്തിന് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. സമീപത്തെ വാണിജ്യ സമുച്ചയങ്ങൾ ഉൾപ്പെടെ ഏറ്റെടുക്കാനാണ് ആലോചന. പ്രാരംഭചർച്ചകൾ ആരംഭിച്ചു. വിമാനത്താവളത്തിലേക്ക് പാതയും പാർവതി പുത്തനാറിന് കുറുകെ പാലവും നിർമ്മിച്ച്, മൂന്നാം ടെർമിനലും വാണിജ്യകേന്ദ്രവും പണിയാനാണ് നീക്കമെന്ന് അറിയുന്നു. വിമാനത്താവള വികസനത്തിന് 18 ഏക്കർ ഏറ്റെടുത്ത് എയർപോർട്ട് അതോറിട്ടിക്ക് നൽകാൻ സർക്കാർ നടപടികൾ തുടങ്ങിയിരുന്നു. അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തതോടെ ഇനി അതുണ്ടാകുമോ എന്നാണ് സംശയം. അതിനാലാണ് മറ്റ് ഭൂമി കണ്ടെത്താൻ അദാനി ശ്രമിക്കുന്നത്.