കോളേജ് യൂണിഫോമിലെത്തി; നെയ്യാറ്റിൻകരയിൽ ജ്വല്ലറിയിൽ മോഷണം നടത്തി യുവതി

IMG_10032022_093224_(1200_x_628_pixel)

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കോളേജ് വിദ്യാർഥിനിയുടെ യൂണിഫോം അണിഞ്ഞെത്തിയ  പെൺകുട്ടി ജ്വല്ലറിയിൽ നിന്ന് പട്ടാപ്പകൽ  പണം കവർന്നു.  കടയിലുണ്ടായിരുന്ന ആൾ ഉറക്കത്തിലായിരുന്നപ്പോഴാണ് മോഷണം നടത്തിയത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.ബസ് സ്റ്റാൻഡ് കവലയിലെ മൂകാംബിക സിൽവർ പാലസിലാണ് മോഷണം നടന്നത്. പാന്റ്സും ഷർട്ടും ഓവർകോട്ടുമിട്ട   യൂണിഫോമിലെത്തിയ പെൺകുട്ടി പണമെടുത്ത് മടങ്ങുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണാം.

എൺപത് വയസ്സ് പ്രായമുള്ള നാഗപ്പൻനായർ എന്നയാളും മറ്റൊരു ജീവനക്കാരനായ ഷാജിയുമാണ് കടയിൽ ഉള്ളത്. ഷാജി ബാങ്കിൽപോയ സമയത്താണ് പെൺകുട്ടി സിൽവർ പാലസിലെത്തിയത്.പെൺകുട്ടിയെത്തുമ്പോൾ നാഗപ്പൻനായർ കടയിലിരുന്ന് ഉറങ്ങുകയായിരുന്നു. തുടർന്ന് പെൺകുട്ടി കടയിലെ പണം സൂക്ഷിക്കുന്ന ഡ്രോയർ തുറന്ന് ബാഗ് കൈയിലെടുത്ത് പുറത്തിറങ്ങി.

ബാഗിൽ കടയുടെ താക്കോൽ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് വീണ്ടും കടയിൽ കയറി ഡ്രോയർ തുറന്ന് റബ്ബർബാൻഡ് ഇട്ടുവെച്ചിരുന്ന 21,180 രൂപയുമെടുത്ത് ബസ് സ്റ്റാൻഡിലേയ്ക്ക് നടന്നുപോകുകയായിരുന്നു.ബാങ്കിൽപോയിരുന്ന ഷാജി തിരികെയെത്തി മേശ തുറന്നു നോക്കുമ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് ജൂവലറിയിലെ സി.സി.ടി.വി. ക്യാമറയിലെ ദൃശ്യം പരിശോധിക്കുമ്പോഴാണ് സ്കൂൾ യൂണിഫോമിട്ടെത്തിയ പെൺകുട്ടി മോഷണം നടത്തിയ വിവരം അറിയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular