കാട്ടാക്കട: നിരോധിത മത്സ്യം വളർത്തിയ കേന്ദ്രം ഫിഷറീസ് വകുപ്പ് റെയ്ഡ് ചെയ്ത് നശിപ്പിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡറക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് നിരോധിത ആഫ്രിക്കൻ മുഷിയെന്ന മത്സ്യമാണ് വളർത്തുന്നതെന്ന് കണ്ടെത്തിയത്. കാട്ടാക്കട അഞ്ചുതെങ്ങിൻമൂട്ടിൽ സ്വകാര്യ മത്സ്യ കൃഷിയിടത്തിലാണ് പ്രത്യേക കുളം തയാറാക്കി പതിനായിരത്തോളം ആഫ്രിക്കൻ മുഷി കുഞ്ഞുങ്ങളെ വളർത്തിയത്. ട്രെയിൻ മാർഗ്ഗം എത്തിച്ച കുഞ്ഞുങ്ങളെ ഇവിടെ രഹസ്യമായി വളർത്തുകയായിരുന്നു.ഫിഷറീസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുഴുവൻ മത്സ്യവും നശിപ്പിക്കുകയും ഫാം ഉടമ അമലിന്റെ പേരിൽ കേസെടുക്കുകയും ചെയ്തതായി അസിസ്റ്റന്റ് ഡയറക്റ്റർ അറിയിച്ചു. പിടിച്ചെടുത്തു നശിപ്പിച്ചവയ്ക്ക് അരലക്ഷത്തിലധികം രൂപയുടെ മൂല്യമുണ്ട്.
