തിരുവനന്തപുരം: പ്രമുഖ അഭിഭാഷകൻ ചെറുന്നിയൂർ ശശിധരൻ നായർ അന്തരിച്ചു. 84 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാളെ ഒരു മണിക്ക് ശാന്തികവാടത്തിലാണ് സംസ്കാരം. അഞ്ചര പതിറ്റാണ്ട് അഭിഭാഷകനും ട്രേഡ് യൂണിയൻ നേതാവുമായി തിളങ്ങിയ വ്യക്തിയായിരുന്നു ചെറുന്നിയൂർ ശശിധരൻ നായർ. സംസ്ഥാന വിജിലൻസ് ട്രൈബ്യൂണൽ ജഡ്ജി, സംസ്ഥാന വിജിലൻസ് കമ്മീഷണർ, അഴിമതി നിരോധന കമ്മീഷൻ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളും വഹിച്ചു. വി.എസ്.അച്യുതാനന്ദൻ നടത്തിയ നിയമപോരാട്ടങ്ങളുടെ പിന്നിൽ പ്രവർത്തിച്ചതും ചെറുന്നിയൂർ ശശിധരൻ നായരായിരുന്നു. തിരുവനന്തപുരം ബാർ അസോസിയേഷനിലെ ഏറ്റവും മുതിർന്ന അഭിഭാഷകൻ കൂടിയായിരുന്നു അദ്ദേഹം
