കഴക്കൂട്ടം :സിൽവർ ലൈൻ പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകനെ ബൂട്ടിട്ടു ചവിട്ടിയ വിവാദത്തിൽ മംഗലപുരം സിപിഒ ആയിരുന്ന എ. ഷബീറിന്റെ ചന്തവിള മങ്ങാട്ടുകോണത്തുള്ള വീട്ടിലേക്ക് യൂത്ത്കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഷബീറിനെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന മുദ്രാവാക്യവുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് വഴിയിൽ ബാരിക്കേഡ് നിരത്തി തടഞ്ഞു. സമാധാനപരമായി തുടങ്ങിയ പ്രതിഷേധം ഒടുവിൽ നേരിയ സംഘർഷത്തിലാണ് അവസാനിച്ചത്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ട് അപ്പുറം കടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഇതോടെ അൽപനേരം പൊലീസുമായി വാക്കേറ്റവും നടന്നു. ഷബീറിന് എതിരെ നടപടിയില്ലെങ്കിൽ പൊലീസ് ആസ്ഥാനത്തേക്കും സെക്രട്ടേറിയറ്റിനു മുന്നിലേക്കും സമരം നീളുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.