വർക്കല : വർക്കലയിൽ ഇന്ന് മാത്രം മൂന്നിടങ്ങളിൽ മൂന്ന് യുവാക്കളാണ് കടലിൽ മുങ്ങി മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെ വർക്കല ഇടവ ഓടയം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് കോയമ്പത്തൂർ പല്ലടം സ്വദേശി അജയ് വിഘ്നേഷ്(24)ഷിന്റെ മരണമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. അജയ് വിഘ്നേഷിന്റെകൂടെ ഉണ്ടായിരുന്ന സുഹൃത്ത് ബാലാശിവരാമൻ (23)ന്റെ നില അതീവ ഗുരുതരമാണ്. കുളി കഴിഞ്ഞു സുഹൃത്തുക്കളോടൊപ്പം കരയ്ക്കെത്തിയ അജയ് വീണ്ടും കുളിക്കാൻ കടലിലേക്ക് ഇറങ്ങുകയായിരുന്നു. ഒപ്പം ബാല ശിവരാമനും ഇറങ്ങി. തുടർന്ന് ഇവർ തിരയിൽ പെട്ട് കടലിൽ താഴ്ന്നു പോയി. നല്ല ചുഴി ഉള്ള സ്ഥലം കൂടി ആണ് ഓടയം ബീച്ചിലെ ഈ സ്ഥലം. സുഹൃത്തുക്കൾ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയാണ് രണ്ടുപേരെയും കരയ്ക്ക് എത്തിച്ചത്. ആംബുലൻസിൽ ശ്രീനാരായണ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും അജയ് വിഘ്നേഷ് മരണപ്പെട്ടു.
വർക്കല പാപനശാത്ത് തിരയിൽപെട്ട് വർക്കല രഘുനാഥപുരം സ്വദേശി അജീഷ്(29) മരിച്ചതാണ് രണ്ടാമത്തെ മരണം. ഇന്ന് വൈകുന്നേരം 5.45 നാണ് സംഭവം. വർക്കല പാപനാശം ബീച്ചിന് ചേർന്നുള്ള ഏണിക്കല്ല് കടൽ തീരത്ത് സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ അജീഷ് തിരയിൽ അകപ്പെടുകയായിരുന്നു. ഒപ്പം കുളിച്ചു കൊണ്ടിരുന്ന സുഹൃത്ത് മറ്റൊരു സുഹൃത്തിനെ കണ്ട് കരയിലേക്ക് കയറുമ്പോൾ ആണ് കുളിച്ചുകൊണ്ടു നിന്ന അജീഷ് തിരയിൽപെടുന്നത്. തുടർന്ന് പ്രദേശത്തെ ലൈഫ് ഗാർഡുകൾ രക്ഷിച്ച് ശ്രീ നാരായണ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വർക്കല കാപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ ആലംകോട്, പുതിയതടം,ഡ്രീം മഹലിൽ മാഹിൻ (30) മരിച്ചു. ഇന്ന് വൈകുന്നേരം 6.30 മണിയോടെ ആണ് സംഭവം. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മാഹിൻ മുങ്ങിപ്പോവുകയായിരുന്നു. പിന്നീട് ഏഴരയോടെ മാഹിനെ രക്ഷാപ്രവർത്തകർ കണ്ടെടുത്ത് വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.