പൊന്മുടി : പൊന്മുടി സ്കൂളിനു സമീപം വീണ്ടും പുലിയിറങ്ങിയതായി ആശങ്ക . ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് പുലിയിറങ്ങിയതായി ഭീതിപടരുന്നത്.തിങ്കളാഴ്ച സ്കൂളിനു മുൻപിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടതായി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാട്ടുന്നു. ആറുദിവസം മുമ്പും സ്കൂളിനു പിന്നിൽ പുലിയെത്തിയതായി ഇവർ പറയുന്നു. അതിനുശേഷം പൊന്മുടിയിലെ പ്രധാന പാതയിൽനിന്നു കൂട്ടമായിട്ടാണ് അധ്യാപകരും കുട്ടികളും സ്കൂളിലേക്കു വരുന്നത്. രണ്ടു ദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ച സ്കൂളിലെത്തിയ കുട്ടികളും അധ്യാപകരുമാണ് പുലിയുടെ കാൽപ്പാടുകൾ കണ്ടത്.ഉടൻതന്നെ വിവരം വനപാലകരെ അറിയിച്ചു. കഴിഞ്ഞദിവസം രാവിലെ സ്കൂൾ തൂത്തുവാരാൻ എത്തിയ ജീവനക്കാരിയാണ് സ്കൂളിന്റെ പിൻഭാഗത്ത് പുലിയെ കണ്ടിരുന്നതായി അറിയിച്ചത്. ഇവർ ഓടി സ്കൂളിനകത്തു കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വനപാലകരും പാലോട് എ.ഇ. ഓഫീസ് ജീവനക്കാരും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു.വീണ്ടും തിങ്കളാഴ്ച രാവിലെ പുലിയുടെ കാൽപ്പാടുകൾ കണ്ടതോടെ രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലാണ്
