തിരുവനന്തപുരം : ജില്ലയിൽ പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 82.60 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷം 85.39 ആയിരുന്നു വിജയശതമാനം. ഇക്കുറി പരീക്ഷയെഴുതിയ 30562 റെഗുലർ വിദ്യാർഥികളിൽ 25243 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 2348 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സമ്പൂർണ എ പ്ലസ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകുതിയോളമായി കുറഞ്ഞു. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 92 ൽ 27 പേർ മാത്രമാണ് ഉപരിപഠനത്തിന് അർഹത നേടിയത്. വിജയശതമാനം 29. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 1622 പേർ പരീക്ഷയെഴുതി. 645 പേർ മാത്രമാണ് ഉപരിപഠനത്തിന് അർഹരായത്.39.77 ആണ് വിജയ ശതമാനം. ഓപ്പൺ സ്കൂളിൽ പഠിച്ച് പരീക്ഷയെഴുതിയവരിൽ 7 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ 3298 വിദ്യാർഥികളിൽ 2808 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 85.14. കഴിഞ്ഞ വർഷം ഇത് 83.45 ആയിരുന്നു. ജഗതിയിലെ ബധിരമൂക വിദ്യാർഥികൾക്കു വേണ്ടിയുള്ള ഗവ.വിഎച്ച്എസ് ആൻഡ് ടിഎച്ച്എസ് 100 % വിജയം നേടി. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയെഴുതിച്ച പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ (784 വിദ്യാർഥികൾ) 89.92% പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
