“ഓണത്തിനൊരു മുറം പച്ചക്കറി” – മന്ത്രിമാർ ചേർന്ന് സെകട്ടറിയേറ്റ് വളപ്പിൽ പച്ചക്കറി കൃഷിക്ക് തുടക്കം

IMG-20220622-WA0002

*പ്രസിദ്ധീകരണത്തിന്*

 

തിരുവനന്തപുരം:സംസ്ഥാന കൃഷി വകുപിന്റെ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിൻ്റെ അധ്യക്ഷതയിൽ , മന്ത്രിമാർ പച്ചക്കറി തൈകൾ നട്ടുകൊണ്ട് നിർവ്വഹിച്ചു. സെക്രട്ടറിയേറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടത്തിൽ രാവിലെ 11.00 മണിക്കാണ് പദ്ധതി യുടെ ഉദ്ഘാടനം നടന്നത്. ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു , എ.കെ. ശശീന്ദ്രൻ, ആർ. ബിന്ദു, ജെ. ചിഞ്ചു റാണി, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻ കുട്ടി, സജി ചെറിയാൻ, വി. എൻ. വാസവൻ, ഗോവിന്ദൻ മാസ്റ്റർ , കെ.എൻ. ബാലഗോപാൽ, പി.രാജീവ്, അഹമ്മദ് ദേവർ കോവിൽ എന്നിവരും കൃഷി ഡയറക്ടർ ടി.വി. സുബാഷ് ഐ.എ.എസ്, ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ ആരതി എൽ.ആർ ഐ.ഇ.എസ് എന്നിവരും പങ്കെടുത്തു.

 

70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള ഒരു ജനകീയ കാമ്പയിനാണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി. ഞങ്ങളും കൃഷിയിലേക്ക് എന്ന മുഖ്യ പദ്ധതിയുടെ ഭാഗമായാണ് പ്രസ്തുത കാമ്പയിൻ ഈ വർഷം ആവിഷകരിച്ചിരിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളുമാണ് പദ്ധതിയുടെ ഭാഗമായി ഈ മാസം വിതരണം ചെയ്യുന്നത്. ഓണ സീസൺ മുന്നിൽകണ്ടുകൊണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിൻ്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് കൂടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

 

പദ്ധതി പ്രകാരം കർഷകർക്കും, വിദ്യാർഥികൾക്കും,വനിത ഗ്രൂപ്പുകൾക്കും, സന്നദ്ധസംഘടനകൾക്കും കൃഷിഭവൻ മുഖാന്തരം സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ഉടനെ തന്നെ ലഭ്യമാക്കും. കഴിഞ്ഞ ആറു വർഷമായി സംസ്ഥാനത്ത് പച്ചക്കറി കൃഷിയിലുണ്ടായ മുന്നേറ്റം തുടരുക എന്നതുതന്നെയാണ് പദ്ധതി ലക്ഷ്യം. കഴിഞ്ഞ വർഷം ഓണത്തിന് മാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാർഹിക പച്ചക്കറി ഉത്പാദനം ഈ പദ്ധതിയുടെ ഭാഗമായി കൈവരിക്കുവാൻ കഴിഞ്ഞിരുന്നു. ഇത് വർധിപ്പിക്കുകയും എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കുന്നതിന് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും വീട്ടുവളപ്പിലെ കൃഷി വ്യാപകമാക്കുകയും ചെയ്യുക എന്നതായിരിക്കും പദ്ധതി ലക്ഷ്യമിടുന്നത് . കൃഷിവകുപ്പിന് കീഴിലുള്ള ഫാമുകൾ, വിഎഫ്.പി.സി.കെ., കേരള കാർഷിക സർവകലാശാല, അഗ്രോ സർവീസ് സെന്ററുകൾ എന്നിവ മുഖാന്തിരമാണ് വിത്തുകളും തൈകളും വിതരണത്തിനായി തയ്യാറായിട്ടുള്ളത്.  ചീര, വെണ്ട, പയർ, പാവൽ, വഴുതന തുടങ്ങിയ 5 ഇനം വിത്തുകൾ അടങ്ങിയ പത്ത് രൂപ വില മതിക്കുന്ന വിത്ത് പാക്കറ്റുകളായിരിക്കും കർഷകർക്കായി കൃഷിഭവൻ മുഖാന്തരം വിതരണം ചെയ്യുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular