തിരുവനന്തപുരം: കേശവദാസപുരം കൊലക്കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം. ഒന്നര മണിക്കൂർ നീണ്ട തെളിവെടുപ്പിൽ മനോരമയെ കൊല്ലാൻ ഉപയോഗിച്ച കത്തി അന്വേഷണ സംഘം കണ്ടെത്തി. കൊലപാതക കുറ്റം സമ്മതിച്ച പ്രതി, താളിയുണ്ടാക്കാൻ ചെമ്പരത്തിപ്പുകൾ ചോദിച്ചാണ് മനോരമയുടെ വീട്ടിലേക്ക് പോയതെന്നും പൊലീസിനോട് പറഞ്ഞു. നാടിനെ നടുക്കിയ കൊലപാതക കേസിൽ പ്രതിയുമായി പോലീസ് എത്തുന്നത് അറിഞ്ഞ് നേരത്തെ തന്നെ നാട്ടുകാർ അടക്കം വലിയൊരു സംഘം സംഭവസ്ഥലത്ത് കൂടി നിന്നിരുന്നു. കനത്ത സുരക്ഷയിൽ പ്രതിയുമായി സംഭവസ്ഥലത്ത് അന്വേഷണസംഘം എത്തിയപ്പോൾ തന്നെ നാട്ടുകാർ പ്രതിഷേധം ഉയർത്തി. പ്രതി ആദം അലിയെ ആദ്യം എത്തിച്ചത് മനോരമയെ കൊന്നു കെട്ടി താഴ്ത്തിയ കിണറ്റിനടുത്താണ്. പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ച പ്രതി കൊലപാതകത്തിനു ശേഷം ആയുധം വീടിൻറെ ഓടയിലേക്ക് എറിഞ്ഞതായി പറഞ്ഞു. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് പുറത്തെ ഓടയിൽ നിന്ന് കൊലക്കത്തി കണ്ടെടുത്തു. വീട്ടുകാർ കിണർ വറ്റിച്ച് ഓട പമ്പടിച്ച് വൃത്തിയാക്കിയപ്പോൾ കത്തി ഒഴുകി പുറത്തെ ഓടയിൽ വീണു എന്നാണ് കരുതുന്നത്. ഇതിന് പിന്നാലെയാണ് പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം ഉണ്ടായത്.