തിരുവനന്തപുരം: വിഴിഞ്ഞം തീരസംരക്ഷണ സേനക്ക് അതിവേഗ നിരീക്ഷണ കപ്പലായ ഐ സി ജി എസ് അനഘ് (ICGS- 246) കൈമാറി. വിഴിഞ്ഞം തീര സംരക്ഷണ സേന ജെട്ടിയിൽ വെച്ച് ഇന്നാണ് കപ്പൽ കൈമാറിയത്. കേരളത്തിന്റെ തീരദേശ സുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാവും ഐ സി ജി എസ് അനഘ് അതിവേഗ നിരീക്ഷണ കപ്പലിന്റെ സാന്നിധ്യം.ഉൾക്കടലിലടക്കം തിരച്ചിൽ നടത്താനും രക്ഷാപ്രവർത്തനത്തിനും ഈ കപ്പൽ വലിയ സഹായമാകും. കപ്പൽ കൈമാറ്റ ചടങ്ങിൽ കേരള അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ഡോ വി വേണു മുഖ്യാതിഥിയായിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമീപഭാവിയിൽ ഈ പ്രദേശത്തെ ഏറ്റവും തിരക്കേറിയ ഷിപ്പിംഗ് ഹബ്ബായി മാറുമെന്നാണ് കരുതുന്നത്. അതിനാൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുരക്ഷ ശക്തിപ്പെടുത്തേണ്ടതിന്റെ തന്ത്രപരമായ ആവശ്യമുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് അനഘ് കപ്പൽ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായത്.