തിരുവനന്തപുരം: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ കായിക കഴിവുകൾ കണ്ടെത്തുന്നതിനും പിന്തുണ നൽകുന്നതിനും നഗരസഭ നടത്തിയ രണ്ടാം ഘട്ട ടീം സെലക്ഷൻ ട്രയൽസ് അവസാനിച്ചു.ഇന്നും ഇന്നലയുമായി (13,14 തീയതികളിൽ) പൂജപ്പുര സ്റ്റേഡിയത്തിലായിരുന്നു ട്രയൽസ് നടന്നത്.രണ്ടാം ഘട്ടത്തിൽ വോളിബോൾ, ബാസ്ക്കറ്റ് ബോൾ, ഹാന്റ് ബോൾ, ഫുഡ്ബോൾ, അത്ലറ്റിക്സ് വിഭാഗങ്ങളിലായി 489 കുട്ടികളാണ് സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തത്.ആദ്യ ഘട്ടത്തിൽ 498 കുട്ടികൾ പങ്കെടുത്തിരുന്നു. ആകെ രണ്ട് ഘട്ടങ്ങളിലായി 987 കുട്ടികൾ പങ്കെടുത്തു.
ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിൽ ആൺകുട്ടികൾ പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ നഗരസഭയ്ക്ക് ഔദ്യോഗികമായി ഒരു ടീമായിരിക്കും ഉണ്ടാവുക. ഇവർക്കാവശ്യമായ പരിശീലനം നഗരസഭ നൽകുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളിൽ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ചെയ്യും.ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് നഗരസഭ ആലോചിക്കുന്നതെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു