വർക്കല:വര്‍ക്കല ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യമേള നടന്നു. ജില്ലയിലെ വിവിധ ബ്ളോക്കുകളില്‍ ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ പരിപാടികളോടെ പാളയംകുന്ന് ഗവണ്മെന്റ് ഹയര്സക്കന്റി സ്കൂളില്‍ വച്ച് ആരോഗ്യമേള സംഘടിപ്പിച്ചത്. മാവേലി റോഡില്‍ നിന്നും വര്‍ണാഭമായ ഷോയാത്രയോടെയാണ് മേള തുടങ്ങിയത്.
വി. ജോയി എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്ത് കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്നും ഈ മേഘലയിൽ കേരളം മുന്നിലെത്തിയതിൻ്റെ പ്രധാന കാരണം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വര്‍ക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന് അധ്യക്ഷത വഹിച്ചു.
കൊവിഡ് കാലത്തെ നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ സേവനങ്ങളെ മുന്‍നിര്‍ത്തി, വേദിയിലുണ്ടായിരുന്ന ആശാവര്‍ക്കര്‍ മാരെയും ചടങ്ങിൽ കരഘോഷം നൽകി ആദരിച്ചു. സൈക്കിള്‍ പോളോയില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം നേടിയ എസ്.എന്‍.വി.എച്ച്.എസ്. എസിലെ വിദ്യാര്‍ഥികളായ ആതിര, അനാമിക, മാല എന്നിവരെ എം.എല്‍.എ പൊന്നാടയണിയിച്ചു.
മേളയുടെ ഭാഗമായി 32 സ്റ്റാളുകളാണ് ആരോഗ്യ വകുപ്പ്, പൊലീസ്, കുടുംബശ്രീ, എക്സൈസ് എന്നിങ്ങനെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സജ്ജീകരിച്ചത്. ജനറല്‍ ഹെല്‍ത്ത് ചെക് അപ്, നേത്ര പരിശോധനാ ക്യാമ്പ്, എക്സൈസിന്റെ വിമുക്തി ക്യാംപ്, ഹോമിയോ, ആയുര്‍വേദം, സിദ്ധ, ജീവിത ശൈലി രോഗ നിര്‍ണയം, രക്തഗ്രൂപ്പ് നിര്‍ണയം, വെറ്ററിനറി, വാകസിനേഷന്, ഫിസിയോ തെറാപ്പി, അനീമിയ പരിശോധന, ശുചിത്വ മിഷന്, ഫയര്‍ഫോഴ്സ് ബോധവത്ക്കരണം, ജനമൈത്രി പൊലീസ്, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, നാചുറോപ്പതി എന്നിങ്ങനെ വിവിധ സ്റ്റാളുകള്‍ മേളയുടെ ഭാഗമായി.
അങ്കണവാടി വര്‍ക്കര്‍മാര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ പരിപാടിയിൽ പങ്കാളികളായി.പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ പ്രവര്‍ത്തകര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കലാകായിക പരിപാടികളും, നാടന്‍പാട്ടും, മാജിക് ഷോയും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു.