തിരുവനന്തപുരം :കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനത്തിനായി സുതാര്യമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിവിധ സഹായ പദ്ധതികളിലൂടെ നെല്‍കൃഷി വ്യാപിപ്പിക്കാനും താങ്ങുവില ഉറപ്പാക്കാനും സാധിച്ചതായും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആര്. അനില്‍. കര്‍ഷക ദിനത്തോടനുബന്ധിച്ച് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നെടുമങ്ങാട് സംഘടിപ്പിച്ച കര്‍ഷകദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയും മൂലം തരിശ് ഭൂമിയായ നിലങ്ങള്‍ കൃഷി യോഗ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സര്‍ക്കാര്‍ നേരിട്ട് കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നത് വഴി ഒരു പരിധി വരെ വിലക്കയറ്റം നിയന്ത്രിക്കാനാകുന്നുണ്ട്. ഒരു കിലോ നെല്ലിന് 28 രൂപ എന്ന സംഭരണ നിരക്ക് രാജ്യത്ത് കേരളത്തില്‍ മാത്രമാണ്. പൊതു വിതരണ വകുപ്പ് വഴിയുള്ള മട്ട അരി വിതരണം കേരളത്തിലെ നെല്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്. നെല്ലുത്പാദനം വര്‍ധിക്കുന്നതിന് ആനുപാതികമായി റേഷന്‍ വിഹിതത്തില്‍ നല്കുന്ന മട്ട അരിയുടെ അളവ് വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന കര്‍ഷക പുരസ്കാരം (പുരപ്പുറ കൃഷി) നേടിയ സി.ബൈജു, മികച്ച വിദ്യാലയ കൃഷിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കൈരളി വിദ്യാഭവന് നെടുമങ്ങാട്, ജില്ലാതല പുരസ്കാരം നേടിയ ടൗണ്‍ യുപിഎസ് നെടുമങ്ങാട്, ജില്ലാ കര്‍ഷക പുരസ്കാരം നേടിയ മുതിര്‍ന്ന കര്ഷകന് എ. തിമത്തിയോസ്, നഗരസഭ പരിധിക്കുള്ളിലെ മികച്ച യുവ സംരംഭകര്‍, സമ്മിശ്ര കൃഷി, വനിതാ കര്‍ഷക, യുവകര്ഷകന്, ക്ഷീര കര്ഷകന്, പച്ചക്കറി-വാഴ കര്ഷകന് എന്നിങ്ങനെ പുരസ്കാരങ്ങള്‍ നേടിയവരെ മന്ത്രി ആദരിച്ചു. കര്‍ഷകദിനാഘോഷത്തിന്റെ ഭാഗമായി കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും തേനീച്ച കൃഷി പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു.
നെടുമങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ്. ശ്രീജ അധ്യക്ഷയായിരുന്നു. വൈസ് ചെയര്മാന് എസ്. രവീന്ദ്രന്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്, കൗണ്‍സിലര്‍മാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീലത, നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോമി ജേക്കബ്, കൃഷി ഫീല്‍ഡ് ഓഫീസര്‍ പി സുനിമോള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കാര്‍ഷിക കര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുത്തു.