തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ 300 വർഷത്തോളം പഴക്കമുള്ള വിശ്വക്‌സേന വിഗ്രഹം പുനരുദ്ധരിക്കാനുള്ള നടപടികൾ തുടങ്ങി. ദേവപ്രശ്‌ന വിധിപ്രകാരം ശയന ബിംബത്തിന്റെയും ഉപദേവതാ ബിംബങ്ങളുടെയും ന്യൂനതകൾ പരിഹരിക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിഗ്രഹത്തിന്റെ കേടുപാടുകൾ തീർക്കുന്നത്. വിശ്വക്സേനന്റെ ബിംബം നിർമ്മിക്കുന്ന കരിങ്ങാലിത്തടിയുടെ തൈലാധിവാസമാണ് ആരംഭിച്ചത്. അഷ്ടവർഗ കൂട്ട് കൊണ്ടുണ്ടാക്കുന്ന തൈലത്തിൽ 21 ദിവസം കരിങ്ങാലിത്തടി സൂക്ഷിക്കും. അതിനുശേഷമാകും മറ്റ് നടപടികൾ. ശ്രീകോവിലിലെ ഒറ്റക്കൽ മണ്ഡപത്തിന് താഴെ ശ്രീപദ്മനാഭന്റെ പാദഭാഗത്താണ് വിശ്വക്‌സേനന്റെ പ്രതിഷ്ഠ.