തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളായ ആർസിസി, ശ്രീചിത്ര, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ തേടിയെത്തുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയകേന്ദ്രമായി ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആസ്ഥാന മന്ദിരവും വിശ്രമ കേന്ദ്രവും തുറന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സൗകര്യവും ഭക്ഷണവും അടക്കം വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. പത്ത് കോടി രൂപ ചെലവിൽ നാല് നിലകളിലായി വിപുലമായ സൗകര്യമാണ് മന്ദിരത്തിലുള്ളത്. ആസ്ഥാന മന്ദിരത്തിൻ്റേയും വിശ്രമകേന്ദ്രത്തിൻ്റേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി വി ശിവൻകുട്ടി പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. പരിശീലനം ലഭിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കിടപ്പുരോഗികളെ വീട്ടിലെത്തി പരിചരിക്കുന്ന സാന്ത്വന പരിചരണ പരിപാടിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഇന്ന് നിർവഹിച്ചു. അടുത്ത ഘട്ടത്തിൽ വായനാ മുറി അടക്കം സജ്ജീകരിച്ച് കൂടുതൽ സൗകര്യങ്ങൾ ആസ്ഥാനമന്ദിരത്തിൽ ഒരുക്കും. നായനാർ ട്രസ്റ്റിന്‍റെ വെബ്സൈറ്റിൽ ലഭ്യമായ നമ്പറിൽ ബന്ധപ്പെട്ടാൽ മുറി ബുക്ക് ചെയ്യാം. ആശുപത്രി അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയൽ രേഖയും മാത്രം ഹാജരാക്കിയാൽ മതിയാവും.
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്‍ററിന് പിറക് വശത്ത് 27.5 സെന്‍റ് ഭൂമിയിൽ 18000 ചതുരശ്ര അടിയിലാണ് വിശ്രമകേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. ആകെ 32 മുറികളാണ് വിശ്രമകേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. 32 രോഗികൾക്കും കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാൻ കഴിയുന്ന ഡോര്‍മിറ്ററി. ഒരേസമയം 40 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകുന്ന വിശാലമായ ഭക്ഷണ ഹാൾ. പാചക മുറി, ലിഫ്റ്റ് എന്നിവ വിശ്രമകേന്ദ്രത്തിലുണ്ട്. ഇതു കൂടാതെ സ്ത്രീകൾക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറികളോട് കൂടി നാലാംനിലയിൽ ഒരു ഡോര്‍മിറ്ററിയും സജ്ജമാക്കിയിട്ടുണ്ട്. നിർധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നാമമാത്രമായ സര്‍വ്വീസ് ചാര്‍ജ് ഈടാക്കി നൽകി ഇ.കെ.നായനാര്‍ ചാരിറ്റബിൾ ട്രസ്റ്റ് ആസ്ഥാന മന്ദിരത്തിൽ താമസിക്കാനാവും.