തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരംചെയ്യുന്ന മത്സ്യത്തൊഴിലാളികളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ചർച്ചയ്ക്കുള്ള ക്ഷണം ലത്തീൻ അതിരൂപത സ്വീകരിച്ചു. സമരം കൂടുതൽ ശക്തമായതോടെ ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാനാണ് സഭാ അധികൃതരെ ചർച്ചയ്ക്ക് ക്ഷണിച്ചത്.ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്തിന് മുമ്പിൽ മത്സ്യത്തൊഴിലാളികളുടെ സമരം മൂന്നാം ദിവസം പിന്നിടുമ്പോഴാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് അനുനയനീക്കമുണ്ടായത്. നാളെ ചർച്ചയ്ക്ക് തയ്യാറാകണമെന്ന അഭ്യർഥനയാണ് മന്ത്രി മുന്നോട്ടുവച്ചത്. സമയവും സ്ഥലവും സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. ഡൽഹിയിലുള്ള മന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.