വെള്ളനാട്:ഏക ആരോഗ്യം എന്ന ലക്ഷ്യം മുൻനിർത്തി ആരോഗ്യ വകുപ്പും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യമേളയുടെ ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവ്വഹിച്ചു. ആശാ വർക്കർമാർ മുതലുള്ള വിപുലമായ ശൃംഖലയുടെ കൃത്യമായ ഇടപെടലുകളാണ് ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ ആരോഗ്യ മേഖലയെ പ്രാപ്തമാക്കുന്നതെന്ന് എം. എൽ. എ പറഞ്ഞു. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ മികവാണ് കേരളത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്നും സാംക്രമിക- ജീവിത ശൈലീ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ആരോഗ്യമേളകളുടെ പ്രാധാന്യം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാരമ്പര്യ ചികിത്സാ വിദഗ്ധ പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെ ചടങ്ങിൽ എം. എൽ. എ ആദരിച്ചു.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എട്ട് ഗ്രാമപഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. ആരോഗ്യ – കുടുംബശ്രീ പ്രവർത്തകർ അണിനിരന്ന വിളംമ്പര ജാഥയോടെയായിരുന്നു തുടക്കം. മേളയോടനുബന്ധിച്ച് പൊതു ജനാരോഗ്യ മേഖലയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകി വരുന്ന വിവിധ സേവനങ്ങൾ വിശദമാക്കുന്ന പ്രദർശനം, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു.
അലോപ്പതി- ആയുഷ് വകുപ്പുകൾ, ഐസിഡിഎസ്, കുടുംബശ്രീ, ഹരിതകർമ്മസേന എന്നിവരുടെ 21 സ്റ്റാളുകളാണ് മേളയിൽ സജ്ജീകരിച്ചത്. കോവിഡ് വാക്സിനേഷൻ, കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ, ജീവതശൈലി രോഗനിർണയ ക്യാമ്പ്, നേത്ര പരിശോധന, ദന്തരോഗ നിർണ്ണയം എന്നീ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കി. ആരോഗ്യ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികളും നടന്നു.
വെള്ളനാട് ഗവ. വി. എച്ച്. എസ്. എസ്സിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് എസ്. എൽ. കൃഷ്ണകുമാരി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഡി. പി. എം. ആശ വിജയൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.