എസ്.എ.ടി.യില്‍ കുട്ടികള്‍ക്ക് പുതിയ തീവ്രപരിചരണ വിഭാഗം ഒരുങ്ങി

IMG-20220824-WA0060

 

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ കുട്ടികളുടെ തീവ്ര പരിചരണത്തിനായി സജ്ജമാക്കിയ ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 25ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 24 ഐസിയു കിടക്കകളും 8 ഹൈ ഡെപ്പന്റന്‍സി യൂണിറ്റ് കിടക്കകളും ഉള്‍പ്പെടെ ആകെ 32 ഐസിയു കിടക്കകകളാണ് പീഡിയാട്രിക് വിഭാഗത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. 10 വെന്റിലേറ്ററുകള്‍, 6 നോണ്‍ ഇന്‍വേസീവ് ബൈപാസ് വെന്റിലേറ്ററുകള്‍, 2 പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍, 3 ഡിഫിബ്രിലേറ്ററുകള്‍, 12 മള്‍ട്ടിപാര മോണിറ്ററുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും പുതുതായി സജ്ജമാക്കിയിട്ടുണ്ട്. 98 ലക്ഷം രൂപ ചെലവഴിച്ചുള്ളതാണ് ഈ ഐസിയു സംവിധാനം.

 

എസ്.എ.ടി. ആശുപത്രിയിലെ പുതിയ പീഡിയാട്രിക് ഐസിയു കുട്ടികളുടെ തീവ്രപരിചരണത്തില്‍ വളരെയേറെ സഹായിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ 18 കിടക്കകളുള്ള അത്യാധുനിക ഉപകരണങ്ങളോട് കൂടിയ പീഡിയാട്രിക് ഐസിയുവാണുള്ളത്. ഇതുകൂടാതെയാണ് പുതുതായി 32 കിടക്കകളുള്ള പീഡിയാട്രിക് ഐസിയു സജ്ജമായത്. ഇതോടെ 50 പീഡിയാട്രിക് ഐസിയു കിടക്കകളാണ് എസ്.എ.ടി. ആശുപത്രിയ്ക്ക് സ്വന്തമാകുന്നത്. ഇതുകൂടാതെ നവജാതശിശു വിഭാഗത്തില്‍ 54 ഐസിയു കിടക്കകളുമുണ്ട്. നെഗറ്റീവ് പ്രഷര്‍ സംവിധാനവും പുതിയ ഐസിയുവിലുണ്ട്. കോവിഡ് പോലെയുള്ള വായുവില്‍ കൂടി പകരുന്ന പകര്‍ച്ചവ്യാധികള്‍ വെല്ലുവിളിയാകുന്ന ഈ കാലഘട്ടത്തില്‍ നെഗറ്റീവ് പ്രഷര്‍ സംവിധാനമുള്ള തീവ്രപരിചരണ വിഭാഗം രോഗീ പരിചരണത്തില്‍ ഏറെ സഹായിക്കും. ഈ ഐസിയുവില്‍ ഇന്റന്‍സീവ് റെസ്പിറേറ്ററി കെയറിനായിരിക്കും മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയാണ് എസ്.എ.ടി. ആശുപത്രി. പ്രതിദിനം ആയിരത്തിലധികം രോഗികള്‍ ഈ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നു. പ്രതിവര്‍ഷം പതിനായിരത്തില്‍പരം കുഞ്ഞുങ്ങളാണ് ഇവിടെ ജനിക്കുന്നത്. കേരളത്തിന് പുറമേ തമിഴ്‌നാട്ടില്‍ നിന്നും സ്ത്രീകളും കുട്ടികളും വിദഗ്ധ ചികിത്സയ്ക്കായ് എത്തുന്ന പ്രധാന ആശുപത്രി കൂടിയാണ് എസ്.എ.ടി.

 

എസ്.എ.ടി. ആശുപത്രിയുടെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. മെഡിക്കല്‍ കോളേജിന്റെ 717.29 കോടി രൂപയുടെ മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി എസ്.എ.ടി.യില്‍ പുതിയ ബ്ലോക്കും കൂടുതല്‍ സൗകര്യങ്ങളും ലഭ്യമാകുന്നതാണ്. സര്‍ക്കാര്‍ മേഖലയില്‍ ആദ്യത്തെ എസ്.എം.എ. (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) ക്ലിനിക് ആരംഭിച്ചത് ഇവിടെയാണ്. പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ ദിവസം 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷേറ്റീവ് അംഗീകാരം എസ്.എ.ടി. ആശുപത്രി നേടിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!