വിഴിഞ്ഞം : തുറമുഖ പ്രദേശമായ മുല്ലൂരിലെ കവാടത്തിൽ നടക്കുന്ന സമരം തദ്ദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിഴിഞ്ഞം തുറമുഖം-പ്രാദേശിക കൂട്ടായ്മ പത്രസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശവാസികളാരും സമരത്തിൽ പങ്കെടുക്കുന്നില്ല. 500 ലധികം കർഷക ത്തൊഴിലാളികളുടെ തൊഴിൽ തുറമുഖത്തിനുവേണ്ടി നഷ്ടപ്പെട്ടു. മത്സ്യത്തൊഴിലാളി മേഖലയ്ക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. തുറമുഖ നിർമാണം വളരെവേഗം പൂർത്തിയാക്കണമെന്നും പ്രാദേശിക കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. 26-ന് വൈകീട്ട് മുല്ലൂരിലെ എൻ.എസ്.എസ്. ഹാളിൽ വച്ച് ബഹുജന കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജനകീയ പ്രതിരോധ സമിതി ജനറൽ കൺവീനർ വെങ്ങാനൂർ ഗോപകുമാർ, നാടാർ സർവീസ് ഫോറം ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ, കൗൺസിലർ ഓമന, എൻ.എസ്.എസ്. പ്രതിനിധി മോഹൻനായർ എന്നിവർ പങ്കെടുത്തു.