തിരുവനന്തപുരം :കൊവിഡും പ്രളയവും കവര്‍ന്നെടുത്ത അടച്ചിട്ട നാളുകളില്‍ നിന്ന് അതിജീവനത്തിലേക്ക് മലയാളി നടന്നടുക്കുന്നതിന് സാക്ഷിയാവുകയാണ് ഈ ഓണക്കാലം.ലോകത്തിന്റെ പലഭാഗത്തും കൊവിഡ് കാരണം വീടുകളില്‍ അകപ്പെട്ട മനുഷ്യര്‍, അനുഭവിച്ച അവസ്ഥയോടുള്ള പ്രതികാരമെന്ന നിലയില്‍ മാറ്റിവക്കേണ്ടി വന്ന യാത്രകളും ആഗ്രഹങ്ങളും ഇപ്പോള്‍ സാധ്യമാക്കുകയാണവര് .റിവഞ്ച് ടൂറിസമെന്ന പേരില്‍ ലോകമൊട്ടാകെ നടക്കുന്ന ഇത്തരം യാത്രകളും ആഘോഷങ്ങളും നാം അറിയാതെ കേരളത്തിലും സാധ്യമാവുകയാണ്.
രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന ഓണം വാരാഘോഷത്തിന് വീണ്ടും തിരി തെളിഞ്ഞപ്പോള്‍ അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഓണക്കാലത്ത് സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. നാട്ടിന്‍പുറങ്ങളിലെ ക്ളബ്ബുകളില്‍ നടക്കുന്ന ഓണാഘോഷം മുതല്‍ മുതല്‍ കനകക്കുന്നിലെ ഓണം വാരാഘോഷ മേളയില്‍ വരെയുണ്ട് അതിജീവനത്തിന്റെ കയ്യൊപ്പ്.
പ്രത്യാശയും ഊര്‍ജ്ജവുമാണ് ഓണക്കാലം മനുഷ്യ മനസുകളില്‍ തീര്‍ക്കുന്നത്. അതുകൊണ്ട് തന്നെ പൂക്കളം തീര്‍ത്തും പുതുവസ്ത്രങ്ങള്‍ ധരിച്ചും നാം ഓണത്തെ വരവേറ്റു. ദുല്‍ഖര്‍ സല്‍മാനേയും അപര്‍ണ ബാലമുരളിയേയും സ്നേഹത്തോടെ ഓണാഘോഷങ്ങളുടെ ഭാഗമാക്കി.
ഔസേപ്പച്ചന്റെ പാട്ടുകളില്‍ ഗൃഹാതുരതയില്‍ അലിഞ്ഞ് ചേര്‍ന്നു. വിജയ് യേശുദാസിന്റെയും വിനീത് ശ്രീനിവാസന്റെയും പുത്തന്‍ ഹിറ്റുകള്‍ക്ക് സ്വയം മറന്ന് ചുവട് വച്ചു. തൈക്കുടം ബ്രിഡ്ജും, ഊരാളിയും പാടി മയക്കിയ രാവുകള്‍ക്ക് സാക്ഷികളായി. മരുകന് കാട്ടാക്കടയുടെ കവിതകള്‍ക്ക് കവിതകള്‍ക്ക് വേദിയിലെ ഗൗരവമുള്ള ആസ്വാദകരായി. നഗരത്തിന്റെ തിരക്കുകളില്‍ കരുതലോടെ നടന്നു. വൈദ്യുത ദീപാലാങ്കാരം ആസ്വദിച്ച് യാത്ര ചെയ്ത രാവുകള്‍.ഇത്തരം യാത്രകളും കൂടിച്ചേരലുകളും അനുവദനീയമല്ലാതിരുന്ന ഭൂതകാലത്തോട് മധുരമായി പ്രതികാരം വീട്ടുകയാണ് നമ്മള്.
സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവര്‍ക്കും സാമ്പത്തികമായ അധിക ബാധ്യതകള്‍ തീര്‍ക്കാതെ കടന്നു പോയൊരു ഓണക്കാലം കൂടിയാണ്. സര്‍ക്കാരിന്റെ ഓണക്കിറ്റും വിവിധ ക്ഷേമ പെന്‍ഷനുകളും യഥാസമയം ലഭിച്ചു.
നിപ മുതല്‍ കേരളത്തെ കടന്നു പോയ മഹാമാരിക്കാലം. ഭയത്തില്‍ നിന്നും ഒറ്റക്കെട്ടായി ജാഗ്രതയോടെ നീങ്ങിയതിനാലാണ് ഇന്ന് കാണുന്ന തരത്തില്‍ നമുക്ക് കൂടിച്ചേരലുകളും ആഘോഷങ്ങളും സാധ്യമാകുന്നത്. ഈ ഓണക്കാലം മലയാളികള്‍ക്ക് പുത്തന്‍ ഉണര്‍വിന്റേതാണ് അതിജീവനത്തിന്റേതാണ്.കൊവിഡ് കാലത്തോടുള്ള പ്രതികാരം വീട്ടലാണ്. ഈ മാസം 12 ന് നടക്കുന്ന ഘോഷയാത്രയോടെ ഈ ഓണക്കാല ‘പ്രതികാരത്തിന്’ തിരശ്ശീല വീഴും.