തിരുവനന്തപുരം :ആ വേശത്തിന്റെ രണ്ടു ദിനങ്ങൾ പൂർത്തിയാക്കിയ കളിക്കളം കായിക മേളയിലെ വിജയികളെ നേരിൽ കണ്ട് അഭിനന്ദിച്ച് പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. ഇതുവരെ നടന്ന മത്സരങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ അദ്ദേഹം മെഡലണിയിച്ചു. ഉദ്ഘാടന ചടങ്ങിൽ മികച്ച മാർച്ച് പാസ്റ്റ് കാഴ്ച്ച വച്ച ഞാറനീലി എ.വി. എൻ.സി .ബി എസ് .സി.എം ആർ.എസ് സ്കൂളിനുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു. വിശേഷങ്ങൾ ആരാഞ്ഞും ഗ്രൗണ്ടിൽ പന്തുതട്ടിയും മത്സരത്തിനെത്തിയ താരങ്ങളോടൊപ്പം സമയം ചെലവഴിച്ചാണ് മന്ത്രി മടങ്ങിയത്. വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ, വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു
ഒരു ദിനം മാത്രം അവശേഷിക്കെ വാശിയേറിയ മത്സരമാണ് ഓരോ വിദ്യാർഥിയും കാഴ്ചവയ്ക്കുന്നത്. 84 ഇനങ്ങളിലായി ആകെ 1549 കായിക താരങ്ങളാണ് മേളയുടെ ഭാഗമായത്. 40 ടീമുകളും ഇതിൽ ഉൾപ്പെടും. 22 എം ആർ എസുകളും 18 ഹോസ്റ്റലുകളുമാണ് മത്സരത്തിനുള്ളത്.
 
								 
															 
															 
															









