തിരുവനന്തപുരം: ശരീരഭാരം കുറയ്ക്കുന്നതിനായി യൂട്യൂബ് നോക്കി ഡയറ്റ് എടുത്ത വിദ്യാർഥി മരിച്ചു.
കുളച്ചലിനു സമീപം പർനട്ടിവിള സ്വദേശി നാഗരാജന്റെ മകൻ ശക്തീശ്വർ ആണ് മരിച്ചത്. പ്ലസ്ടു കഴിഞ്ഞു തിരുച്ചിറപ്പള്ളിയിലെ കോളേജിൽ ചേരാനിരിക്കുകയായിരുന്നു.
കോളേജിൽ ചേരുന്നതിനു മുൻപ് തടി കുറയ്ക്കാനാണ് യൂട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയത്. കഴിഞ്ഞ 3 മാസത്തോളം മറ്റു ഭക്ഷണം ഉപേക്ഷിച്ചു. ജ്യൂസ് മാത്രമാണ് കഴിച്ചിരുന്നത്.
ആരോഗ്യവാനായിരുന്ന ശക്തീശ്വരന്റെ മരണകാരണം മൂന്നുമാസത്തോളം ജ്യൂസ് മാത്രം കുടിച്ചതാണെന്ന് കുടുംബം ആരോപിച്ചു. യൂട്യൂബിൽ കണ്ട വീഡിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഡയറ്റിംഗ് ആരംഭിച്ചത്.
ഡയറ്റിൽ കാര്യമായ മാറ്റം വരുത്തും മുമ്പ് ശക്തീശ്വരൻ ഡോക്ടർമാരേയോ വിദഗ്ദ്ധരേയോ സമീപിച്ചിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. മകൻ ചില മരുന്നുകൾ കഴിച്ചിരുന്നതായും അടുത്തിടെ വ്യായാമം തുടങ്ങിയതായും കുടുംബം പറഞ്ഞു വ്യാഴാഴ്ച ശ്വാസതടസ്സം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.