തിരുവനന്തപുരം:മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഇരട്ടക്കലങ്ങിൽ നിർമിച്ച ഹാപ്പിനസ് പാർക്ക് ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മാമ്പഴച്ചിറ കുളത്തിനോട് ചേർന്നാണ് ജനങ്ങൾക്ക് ഒത്ത് കൂടാനും സന്തോഷം കണ്ടെത്താനും കഴിയുന്ന ഒരു ഇടം എന്ന ആശയം ഉൾക്കൊണ്ട് പാർക്ക് നിർമ്മിച്ചത്.
മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ അനുയോജ്യമായ പത്ത് കുളങ്ങൾ നവീകരിച്ച് ഒപ്പം ഹാപ്പിനസ് പാർക്ക് പണിയുക എന്ന പദ്ധതി പ്രകാരമുള്ള ആറാമത്തെ കുളത്തിലെ പദ്ധതിയാണ് ഇത്.
ഇത്തരത്തിൽ കുളങ്ങൾക്ക് തൻ്റെ മണ്ഡലത്തിൽ പ്രാധാന്യം നൽകുന്നതുകൊണ്ട് കൂടിയാണ് പരിസ്ഥിതി പ്രവർത്തനത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ എംഎൽഎ ആകാൻ തനിക്ക് കഴിഞ്ഞതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ പറഞ്ഞു.
മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. വത്സലകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ജി ബിന്ദു, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ചന്ദ്രൻ നായർ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.