മലയിൻകീഴ് : ബൈക്കിൽ യാത്രചെയ്യുകയായിരുന്ന യുവാവിനും പത്തുവയസ്സുള്ള മകൾക്കും തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റു.
മലയിൻകീഴ് സഹകരണ ബാങ്ക് ജീവനക്കാരനായ വിളവൂർക്കൽ പൊറ്റയിൽ ഗ്രേസ് വില്ലയിൽ എസ്.അരുൺരാജ് ( 36), മകൾ അഞ്ചാം ക്ലാസ് വിദ്യാർഥി എ.എം.അഞ്ജലീന എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇരുവരും മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സ തേടി.
വ്യാഴാഴ്ച വൈകിട്ട് ഇരുവരും ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ പൊറ്റയിൽ ചന്തയ്ക്കു സമീപത്തുവച്ചാണ് തെരുവുനായ ആക്രമിച്ചത്.
ബൈക്കിന്റെ പിറകിൽ ഇരിക്കുകയായിരുന്ന അഞ്ജലീനയെ ആണ് ആദ്യം നായ കടിച്ചത്. ഇതോടെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു. നിലത്തുവീണ അരുൺരാജിനെയും മകളെയും നായ തുടരെ കടിച്ചു. ഇരുവർക്കും കാലിനാണു കടിയേറ്റത്. ബൈക്കിൽനിന്ന് വീണും അരുൺരാജിന് പരുക്കുണ്ട്.