തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പോലീസുകാരായ മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതേവിട്ടു.
അന്വേഷണത്തിൽ സിബിഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുഴുവൻപ്രതികളെയും കുറ്റവിമുക്തരാക്കിയത്.
കേസിൽ ഒന്നാംപ്രതിയുടെ വധശിക്ഷയും റദ്ദാക്കി. സിബിഐ കോടതി വിധിക്കെതിരേ പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
2005 സെപ്റ്റംബർ 27-ന് രാത്രിയാണ് തിരുവനന്തപുരം കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാർ(28) മരിച്ചത്. ക്രൂരമർദനത്തിനൊടുവിൽ തുടയിലെ രക്തധമനികൾ പൊട്ടിയാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരം നഗരത്തിലെ ശ്രീകണ്ഠേശ്വരം പാർക്കിൽനിന്ന് മോഷണക്കേസ് പ്രതിയോടൊപ്പമാണ് ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി ഉദയകുമാറിനെ കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.