തിരുവനന്തപുരം : മെഡിക്കൽ കോളേജ് നഴ്‌സിങ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ.
ഹോസ്റ്റലിലെ 24 വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല.
വ്യാഴാഴ്ച രാവിലെ ഹോസ്റ്റലിൽനിന്ന് പ്രഭാതഭക്ഷണം കഴിച്ചതിനുപിന്നാലെ വിദ്യാർഥികൾക്ക് ഛർദി, വയറിളക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു. രാവിലെ ഇഡ്ഡലിയും സാമ്പാറും അതിനൊപ്പം തലേദിവസത്തെ ചപ്പാത്തിയും വിദ്യാർഥികൾ കഴിച്ചതായി പറയുന്നു.
രാവിലെ 7.30-ഓടെ പ്രഭാതഭക്ഷണം കഴിച്ചതിനുശേഷം കുറച്ചുപേർക്ക് ബുദ്ധിമുട്ടുകളുണ്ടായി. ഇവരെ മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചു. എന്നാൽ, ഉച്ചകഴിഞ്ഞും രാത്രിയിലും കൂടുതൽ പേർക്ക് വയറുവേദനയും ഛർദിയും ഉണ്ടായി.
തുടർന്ന് കൂടുതൽപേരെ ആശുപത്രിയിൽ രാത്രി പ്രവേശിപ്പിക്കുകയായിരുന്നു.പ്രഭാതഭക്ഷണത്തിൽനിന്നാണോ മറ്റെന്തെങ്കിലും ഭക്ഷണത്തിൽനിന്നാണോ വിഷബാധയേറ്റതെന്ന് വ്യക്തമല്ല.