ഓരോ കുട്ടിക്കും മികച്ച ഭൗതിക സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം: മന്ത്രി വി ശിവന്‍കുട്ടി

IMG_20250927_120239_(1200_x_628_pixel)

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ക്ലാസ് മുറികള്‍ ഹൈടെക് ആക്കുക മാത്രമല്ല ഓരോ കുട്ടിക്കും ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുക കൂടിയാണ് സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കുന്നപ്പുഴ എല്‍.പി സ്‌കൂളില്‍ പുതിയ മന്ദിരത്തിന്റെയും വര്‍ണ്ണകൂടാരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ സ്‌കൂള്‍ കെട്ടിടം ആ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. വിശാലമായ ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളും നമ്മുടെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനും അവരുടെ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്താനും സഹായിക്കും.

വിദ്യാഭ്യാസ രംഗത്ത് 92 കോടി രൂപയുടെ വികസനമാണ് നേമം മണ്ഡലത്തില്‍ മാത്രം നടപ്പിലാക്കിയതെന്നും മന്ത്രി അറിയിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിര്‍മിച്ചത്. പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് എസ് കെ വര്‍ണ്ണക്കൂടാരം നടപ്പിലാക്കി വരുന്നത്. 10 ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് വേണ്ടി വിനിയോഗിച്ചത്.

ഹരിതയിടം, കുഞ്ഞുങ്ങളുടെ ഭാഷാ ശേഷി വളര്‍ത്താന്‍ സഹായിക്കുന്ന ഭാഷാ വികാസ ഇടം, ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങള്‍ നുണയുന്ന ഗണിതയിടം തുടങ്ങി കുട്ടികളുടെ സര്‍വതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവര്‍ത്തന ഇടങ്ങളാണ് സ്‌കൂളില്‍ സജ്ജമാക്കിയിട്ടുള്ളത്.

ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീബ എ. ടി, കൗണ്‍സിലര്‍ ജയലക്ഷ്മി പി. എസ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular