തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ പൊതുജനങ്ങളോട് പങ്കുവച്ചും ഭാവിവികസനത്തിനായി ജനങ്ങളുടെ അഭിപ്രായങ്ങൾ തേടിയും ഒറ്റൂർ, വാമനപുരം ഗ്രാമപഞ്ചായത്തുകളിൽ വികസന സദസ്സ് സംഘടിപ്പിച്ചു.
വർക്കല ഒറ്റൂർ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ് ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മേഖലകളിൽ സംസ്ഥാന സർക്കാരിന് വികസന നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരം വികസന സദസുകൾ അത്തരം നേട്ടങ്ങൾ കൂടുതൽപേരിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.
ഉദ്ഘാടന ശേഷം ജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള ഓപ്പൺ ഫോറവും തൊഴിൽ മേളയും നടന്നു. സംസ്ഥാന സർക്കാരിന്റെയും ഒറ്റൂർ ഗ്രാമ പഞ്ചായത്തിന്റെയും കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. പാലച്ചിറ എസ്.ഡി.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബീന അധ്യക്ഷത വഹിച്ചു. ഒറ്റൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ എൽ.എച്ച്, ഒറ്റൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ ,വിവിധ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വാമനപുരം പ്രസിഡന്റ് ജി. ഒ ശ്രീവിദ്യ വികസനസദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാമനപുരം പഞ്ചായത്തിലെ ആറ് പൊതു വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കിയിട്ടുണ്ട്. ലൈഫ് മിഷന്റെ അതിദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പിലാക്കി വരുന്നത്. അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ അതിദരിദ്രരിൽ നിലവിലുള്ള 39 ഗുണഭോക്താക്കൾക്കും ഭൂമി, പാർപ്പിടം, ഭവന പുനരുദ്ധാരണം, ഷെൽട്ടർ, ആരോഗ്യ പരിരക്ഷ, ഭക്ഷണം എന്നിങ്ങനെ അവർക്കാവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാക്കി അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പദവി കൈവരിക്കുന്ന സ്ഥിതിയിലേക്ക് ഇക്കാലയളവിലെ പ്രവർത്തനങ്ങളിലൂടെ പഞ്ചായത്ത് എത്തിച്ചേർന്നിട്ടുണ്ട്. പദ്ധതിയുടെ പാർപ്പിടം ഘടകത്തിൽ ഉൾപ്പെട്ടിരുന്ന കെയർ ഹോം ആവശ്യമായ നാല് ഗുണഭോക്താക്കളേയും നിലവിൽ കെയർഹോമിലേയ്ക്ക് മാറ്റിയിട്ടുണ്ട്. വീട് പുനരുദ്ധാരണം ആവശ്യമായ ആറ് അതിദരിദ്ര്യ കുടുംബങ്ങൾക്കും ആനുകൂല്യത്തിനായി 6 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പുറത്തിറക്കിയ പ്രോഗ്രസ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ഡിജിറ്റൽ സാക്ഷരത ഇല്ലാത്ത 60 വയസ്സിന് താഴെ പ്രായമുളളവരെ കുടുംബശ്രീ, ഹരിതകർമ്മസേന, അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉപയോഗിച്ച് സർവ്വേ നടത്തി 2932 ഡിജിറ്റൽ സാക്ഷരത ഇല്ലാവരെ കണ്ടെത്തുകയും, അവർക്ക് ഡിജിറ്റൽ സാക്ഷരത നേടുന്നതിനാവശ്യമായ ട്രെയിനിംഗ് നല്കി. പഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയതായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അഗതികളുടെയും വയോജനങ്ങളുടെയും ക്ഷേമം മുൻനിർത്തി നടപ്പിലാക്കിയ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താകൾക്ക് ഭവനനിർമ്മാണം, ഭവന പുനരുദ്ധാരണം എന്നിവ സാധ്യമാക്കി.പാഥേയം പദ്ധതിയിൽ ഉൾപ്പെട്ട അഗതികളായ ഗുണഭോക്താക്കൾക്ക് മുടങ്ങാതെ ഉച്ചഭക്ഷണം നൽകുന്നുണ്ട്.
പഞ്ചായത്ത് സെക്രട്ടറി ഫൈസൽ പ്രോഗ്രസ്സ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എസ്. കെ ലെനിൻ യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. റിസോഴ്‌സ് പേഴ്‌സൺ ഷാനവാസ്. എസ്, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.