തിരുവനന്തപുരം: സംസ്ഥാന പട്ടയമേളയോടനുബന്ധിച്ചുള്ള തിരുവനന്തപുരം ജില്ലാതല പട്ടയമേള ഒക്ടോബർ 29ന് ഉച്ചയ്ക്ക് 12.30ന് കോവളം നിയോജക മണ്ഡലത്തിൽ നടക്കും.
പുതിയതുറ സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പട്ടയമേളയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവ്വഹിക്കും.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
തിരുവനന്തപുരം ജില്ലയിൽ 833 പട്ടയങ്ങളും ആദിവാസി വിഭാഗങ്ങൾക്കുള്ള 72 വനാവകാശ രേഖയും വിതരണം ചെയ്യും. നെയ്യാറ്റിൻകര താലൂക്കിൽ കരുംകുളം, പൂവാർ, കോട്ടുകാൽ എന്നീ വില്ലേജുകളിലായി ദീർഘകാലമായി സമുദ്രതീരപുറമ്പോക്കിൽ താമസിക്കുന്ന അഞ്ഞൂറിലധികം കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കും.