സംസ്ഥാന കായികമേളയ്ക്കിടെ കളഞ്ഞുകിട്ടിയ സ്വർണ്ണമാല തിരികെ നൽകി മാതൃകയായി പഞ്ചമി

IMG_20251029_105107_(1200_x_628_pixel)

തിരുവനന്തപുരം:സംസ്ഥാന കായികമേളയ്ക്കിടെ കളഞ്ഞുകിട്ടിയ സ്വർണ്ണമാല തിരികെ നൽകി സത്യസന്ധതയുടെ ഉദാത്ത മാതൃകയായി നേമം വിക്ടറി ഗേൾസ് എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പഞ്ചമിയെ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു.

പഞ്ചമിയുടെ പ്രവൃത്തി കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന് ഒന്നടങ്കം അഭിമാനകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാന കായികമേളയുടെ അക്കോമഡേഷൻ സെന്ററുകളിൽ ഒന്നായി നേമം വിക്ടറി ഗേൾസ് സ്കൂൾ പ്രവർത്തിച്ചിരുന്നു. എറണാകുളം ജില്ലയിൽ നിന്നുള്ള കായികതാരങ്ങൾ താമസിച്ചിരുന്ന ക്ലാസ് മുറിയിൽ നിന്നാണ് പഞ്ചമിക്ക് സ്വർണ്ണമാല ലഭിച്ചത്. വിദ്യാർത്ഥിനി ഉടൻതന്നെ വിവരം ക്ലാസ് ടീച്ചറായ അതുല്യ ടീച്ചറെ അറിയിക്കുകയും, പ്രഥമ അധ്യാപികയുടെ ചാർജ് വഹിക്കുന്ന ഇന്ദു ടീച്ചർ മുഖേന നേമം പോലീസ് സ്റ്റേഷനിൽ വിവരം കൈമാറി മാല യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു.

“വിദ്യാഭ്യാസ അവകാശത്തിനായി ചരിത്രപരമായ പോരാട്ടം നടന്ന, അയ്യൻകാളിയുടെ നേതൃത്വത്തിൽ പഞ്ചമി പഠിക്കാനെത്തിയ ഊരുട്ടുമ്പലത്തിന്റെ മണ്ണിൽ നിന്ന് സത്യസന്ധതയുടെ പ്രതീകമായി മറ്റൊരു പഞ്ചമി കൂടി വരുന്നത് ഏറെ സന്തോഷവും പ്രതീക്ഷയും നൽകുന്ന കാര്യമാണ്,” മന്ത്രി പറഞ്ഞു.

“നമ്മുടെ വിദ്യാലയങ്ങൾ അക്കാദമിക് മികവിനൊപ്പം ഉയർന്ന സാമൂഹിക ബോധവും മൂല്യബോധവുമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വിദ്യാർത്ഥിനി. പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയുമാണ് ഒരു വിദ്യാർത്ഥി ആർജ്ജിക്കേണ്ട ഏറ്റവും വലിയ ഗുണങ്ങൾ. ഈ കുരുന്നു മിടുക്കി അത് തെളിയിച്ചിരിക്കുന്നു,” മന്ത്രി കൂട്ടിച്ചേർത്തു.

ഊരുട്ടുമ്പലം വേലിക്കോട് വൈഗാലയത്തിൽ സജിതകുമാറിന്റെയും ദിവ്യയുടെയും മകളാണ് പഞ്ചമി.

ഇത്തരമൊരു മൂല്യബോധം മകൾക്ക് പകർന്നു നൽകിയ മാതാപിതാക്കളെയും, വിദ്യാർത്ഥിനിക്ക് മാർഗ്ഗനിർദ്ദേശം നൽകിയ അധ്യാപകരെയും സ്കൂൾ അധികൃതരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

പഞ്ചമിയുടെ ഈ മാതൃകാപരമായ പ്രവൃത്തി മറ്റ് എല്ലാ വിദ്യാർത്ഥികൾക്കും പ്രചോദനമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!