തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ നറുക്കെടുപ്പിലും ഇതര പ്രതിദിന നറുക്കെടുപ്പുകളിലുമായി സമ്മാനാര്‍ഹരായവരെ ഭാഗ്യക്കുറി ഡയറക്ടറേറ്റ് ആദരിച്ചു.
തിരുവനന്തപുരം മാസ്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ നടന്ന ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 25 കോടി രൂപയുടെ തിരുവോണം ബംപര്‍ സമ്മാനം നേടിയ ആലപ്പുഴ സ്വദേശി എസ്സ്. ശരത്തിനെ ധനമന്ത്രി പൊന്നാടയും ഫലകവും നൽകി ആദരിച്ചു. ഇതോടൊപ്പം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നായെത്തിയ 17 സമ്മാനാര്‍ഹരെയും ധനമന്ത്രി ആദരിച്ചു.
വി.കെ. പ്രശാന്ത് എംഎല്‍എ, ഭാഗ്യക്കുറി ഡയറക്ടര്‍ ഡോ. മിഥുന് പ്രേംരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
സമ്മാനാര്‍ഹര്‍ക്ക് ധനവിനിയോഗം, മാനസികാരോഗ്യം എന്നിവ സംബന്ധിച്ച വിദഗ്ധ പരിശീലന ക്ലാസ്സുകള്‍ക്ക് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ. രാമലിംഗം, കൊല്ലം ഗവ. മെഡിക്കല്‍ കോളജ് മനഃശാസ്ത്ര വിഭാഗം മേധാവി ഡോ. മോഹന്‍ റോയ്, കെഎസ്എഫ്ഇ പാറശ്ശാല മെയിന്‍ ബ്രാഞ്ച് മാനേജര്‍ കെ.ജെ. പദ്മകുമാര്‍, ഐറ്റി സെല്‍ സീനിയര്‍ അക്കൗണ്ടന്റും സംസ്ഥാന കോഡിനേറ്ററുമായ ജയവിശാഖ് എന്നിവര്‍ നേതൃത്വം നല്കി.
കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ടി.ബി. സുബൈറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയിന്റ് ഡയറക്ടര്‍മാര്‍ മായ എന്‍ പിള്ള സ്വാഗതം ആശംസിച്ചു. ജോയിന്റ് ഡയറക്ടര്‍ രാജ്കപൂര്‍ ആശംസയര്‍പ്പിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ (ആസ്ഥാനം) വൈ. മുഹമ്മദ് റിജാം നന്ദി പറഞ്ഞു.