നെടുമങ്ങാട് :ഈ സർക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും അത്ഭുതകരമായ നേട്ടങ്ങൾ കൈവരിച്ചുവെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആരോഗ്യ രംഗം ലോകോത്തര നിലവാരത്തിലാണ് എന്നതിന് ഉത്തമ ഉദാഹരണമാണ് കേരളത്തിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക്. അമേരിക്കയേക്കാൾ താഴെയാണ് കേരളത്തിന്റെ ശിശു മരണ നിരക്ക്.
കിടപ്പുരോഗികളെ സംരക്ഷിക്കാൻ വേണ്ടിയുള്ള പദ്ധതി വിവിധ തലങ്ങളിലായി സർക്കാർ വിജയകരമായി നടപ്പിലാക്കി. റോബോട്ടിക് സർജറി ഗവണ്മെന്റ് തലത്തിൽ നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിന് ലഭിച്ചു. കിഫ്ബി ഫണ്ട് 89 കോടിയോളം രൂപ വിനിയോഗിച്ച് നെടുമങ്ങാട് ആശുപത്രിയിൽ സകല സൗകര്യങ്ങളോടുകൂടിയ 6 നിലകളിലുള്ള പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 4.26 കോടി രൂപ ചിലവിൽ 12480 ചതുരശ്ര അടിയിൽ ആധുനിക രീതിയിലാണ് പുതിയ ബഹുനില കെട്ടിടം നിർമിച്ചിരിക്കുന്നത്. വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് പ്രവർത്തിക്കാനുള്ള പ്രത്യേക സജീകരണങ്ങളോടെ അതിവേഗത്തിൽ പുതിയ കെട്ടിടം നിർമാണം പൂർത്തിയാക്കി.
നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ നടന്ന യോഗത്തിൽ നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് സുമി.കെ.വി, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത.എസ്, സിന്ധു, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ആർ.ജയദേവൻ, വിതുര രാജൻ, പൂവത്തൂർ ജയൻ തുടങ്ങിയവർ പങ്കെടുത്തു.
