തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് ദാരുണമായി മരണപ്പെട്ട കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണത്തിൽ ഉത്തരവാദികളായവരെ സർവീസിൽ നിന്നും അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. എസ്.സി / എസ്.ടി കോൺഗ്രസ് ലീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ കോളേജിൽ ചികിത്സാപിഴവുണ്ടായെന്നത് വ്യക്തമായ യാഥാർത്ഥ്യമാണെന്നും, ചികിത്സയിൽ പിഴവുകൾ സംഭവിച്ചാലും ഡോക്ടർമാരെ സംരക്ഷിക്കാനും വെള്ളപൂശാനും വേണ്ടി ആരോഗ്യവകുപ്പിന്റെ ആഭ്യന്തര അന്വേഷണങ്ങൾ ഉപയോഗിച്ചുവന്നതാണെന്നും എംപി ആരോപിച്ചു.
വേണുവിന്റെ മരണത്തിൽ സത്യസന്ധമായ അന്വേഷണം ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന് പുറത്തുള്ള സ്വതന്ത്ര ഏജൻസിക്ക് അന്വേഷണം ഏൽപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ ഏക അത്താണിയായ വേണുവിന്റെ മരണം കുടുംബത്തിന് വലിയ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്ന് എംപി പറഞ്ഞു. അതിനാൽ അടിയന്തരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകണമെന്നും, വേണുവിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുകയും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് സർക്കാർ ഏറ്റെടുക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ആരോഗ്യവകുപ്പ് പൂർണ്ണമായും കുത്തഴിഞ്ഞ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും, ആവശ്യത്തിന് ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും മരുന്നുകളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്നും എംപി ആരോപിച്ചു.
ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് പി.ആർ. വകുപ്പായി ചുരുങ്ങിയിരിക്കുകയാണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ ആരോഗ്യ സംവിധാനവുമായി കേരളത്തെ താരതമ്യം ചെയ്ത പ്രസ്താവന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാത്തതാണെന്നും എംപി വിമർശിച്ചു.
ആയിരക്കണക്കിന് സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനത്തിൽ അടിയന്തര പരിഷ്‌കരണം നടപ്പാക്കി ചികിത്സയ്ക്കെത്തുന്ന രോഗികളുടെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാർച്ചിന് ശേഷം എംപി മെഡിക്കൽ കോളേജ് സൂപ്രണ്ടുമായി നേരിൽ കണ്ട് അടിയന്തര ഇടപെടലുകൾ ആവശ്യപ്പെട്ട് ചർച്ച നടത്തി.മുൻ കെപിസിസി വൈസ് പ്രസിഡന്റ് മൺവിള രാധാകൃഷ്ണൻ, കെപിസിസി ജനറൽ സെക്രട്ടറി ശശിധരൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം. സി. സുരേന്ദ്രൻ, ചെറുവക്കൽ അർജുനൻ, അജിത് കുമാർ, കടകംപള്ളി ഹരിദാസ്, മനോജ് മോഹൻ, മുൻ കൗൺസിലർ ശ്രീകുമാർ, കഠിനംകുളം ജോയ്, മനോൻമണി, പുതുക്കരി പ്രസന്നൻ, പി. കെ. രവി, പള്ളിപ്പുറം സുജി, മണ്ഡലം പ്രസിഡന്റുമാരായ നജീബ്, മണ്ണന്തല ഷാബു, സജി ഇടവിള, ചിത്രവിള സജിമോൻ, ജയശ്രീ, അശ്വതി, ശ്രീലത, ചിറ്റാലംകോട് മോഹൻ, മധു ജനാർദ്ധനൻ, ശ്രീകുമാർ മാവേലിക്കര, ശാന്തകുമാർ എന്നിവർ സംസാരിച്ചു.